ഡല്‍ഹി കലാപക്കേസ്: ഷര്‍ജീല്‍ ഇമാമിന് ജാമ്യം
ന്യൂഡല്‍ഹി| ഡല്‍ഹി കലാപക്കേസില്‍ ജെ എന്‍ യു സര്‍വകലാശാല വിദ്യാര്‍ത്ഥിയും സാമൂഹിക പ്രവര്‍ത്തകനുമായ ഷര്‍ജീല്‍ ഇമാമിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റ്, മനോജ് ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
എന്നാല്‍ ഗൂഡാലോചനക്കേസില്‍ പ്രതിയായതിനാല്‍ ഷര്‍ജീല്‍ ഇമാമിന് പുറത്തിറങ്ങാനാകില്ല. ഡല്‍ഹി കലാപത്തിനിടെ ഡല്‍ഹിയിലെ ജാമിയ ഏരിയയിലും അലിഗഡ് മുസ്ലീം സര്‍വകലാശാലയിലും ഷര്‍ജീല്‍ നടത്തിയ സിഎഎ വിരുദ്ധ പ്രസംഗങ്ങളിലാണ് കേസെടുത്തത്.
ജാമ്യം നല്‍കാത്ത കീഴ്ക്കോടതി വിധിക്കെതിരെ ഷര്‍ജീല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നാലര വര്‍ഷമായി താന്‍ ജയിലില്‍ തുടരുകയാണെന്നും കേസില്‍ തനിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ ഏഴ് വര്‍ഷം തടവ് മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഷര്‍ജീല്‍ ജാമ്യാപേക്ഷ നല്‍കിയത്. പരമാവധി ശിക്ഷയുടെ പകുതി അനുഭവിച്ചിട്ടും വിചാരണ കോടതി ജാമ്യം നിഷേധിച്ചെന്ന് ഷര്‍ജീലിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് ഷര്‍ജീല്‍ ഇമാമിനെ അറസ്റ്റ് ചെയ്തത്. 2020 ജനുവരി 28നാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ വിട്ടത്.
2019 ഡിസംബര്‍ 15ന് പൗരത്വഭേദഗതിക്കെതിരെ ജാമിഅ നഗര്‍ പ്രദേശത്ത് സമരം ചെയ്തവര്‍ പൊതു-സ്വകാര്യ വാഹനങ്ങള്‍ കേടുവരുത്തിയെന്നും വാഹന ഗതാഗതം തടസ്സപ്പെടുത്തിയെന്നുമാണ് പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്. 2019 ഡിസംബര്‍ 13ന് ഷര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗമാണ് ഈ ആക്രമണങ്ങള്‍ക്ക് കാരണമായതെന്നുമാണ് പോലീസ് ആരോപിക്കുന്നത്.