ലോക സമാധാനത്തിനുള്ള പ്രാർത്ഥനയോടെ കക്കിടിപ്പുറം ഉറൂസ് സമാപിച്ചു
ചങ്ങരംകുളം:അഭയാർത്ഥി കേമ്പുകൾ, സ്കൂളുകൾ തുടങ്ങിയ ഇടങ്ങളിൽ പോലും ബോംബിട്ടു പിഞ്ചുകുഞ്ഞു ങ്ങൾ ഉൾപ്പെടെ നിസ്സഹായരും നിരപരാധികളുമായ ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്റാഈലിന്റെ തുല്യതയില്ലാത്ത ഭീകര താണ്ഡവമുൾപ്പെടെ അക്രമകാരികളിൽ നിന്നും ധിക്കാരികളിൽ നിന്നും ലോകത്തിന്റെ മോചനത്തിനായുള്ള പ്രാർത്ഥനയോടെ കക്കിടിപ്പുറം ഉറൂസ് സമാപിച്ചു.
പ്രമുഖ സൂഫിവര്യൻ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാരുടെ ഉറൂസിനോടനുബന്ധിച്ച് ദലാഇലുൽ ഖൈറാത്ത് ഇസ്‌ലാമിക് ഫൗണ്ടേഷനു കീഴിൽ സംഘടിപ്പിച്ച ഉറൂസ് മുബാറക്കിൽ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹിമാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.കെ. സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം നിർവഹിച്ചു.വി വി അബ്ദു റസാഖ് ഫൈസി, കെ.അബ്ദുസ്സലാം സഅദി, കെ.പി ഉമർ സഖാഫി , കേരള അബൂബക്കർ ഹാജി പ്രസംഗിച്ചു.വൈകീട്ട് അഞ്ച് മണിക്ക് മഖാം സിയാറത്തോടെ ആരംഭിച്ച മൗലിദ് മജ്ലിസിനു സയ്യിദ് ആറ്റക്കോയ തങ്ങൾ മൂന്നാക്കൽ, കെ.പി അബ്ദുള്ളക്കുട്ടി അൽ ഖാസിമി, പി.വി മുഹമ്മദലി ഫൈസി, മറവഞ്ചേരി മുഹമ്മദ് മുസ്‌ലിയാർ, കെ.പി.എം ബഷീർ ബാഖവി, വി.പി അബൂബക്കർ ബാഖവി, അസ് ലം നൂറാനി,കെ.പി അഷ്റഫ് മുസ്‌ലിയാർ,അബൂബക്കർ സഖാഫി നേതൃത്വം നൽകി.