റഫ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ; പരിഹാരത്തിന് ദ്വിരാഷ്ട്ര മാർഗം മാത്രമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്

റഫ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ; പരിഹാരത്തിന് ദ്വിരാഷ്ട്ര മാർഗം മാത്രമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്

ന്യൂഡൽഹി | തെക്കൻ ഗസ്സയിലെ ഫലസ്തീൻ നഗരമായ റഫയിൽ സിവിലിയൻമാരുടെ ജീവൻ നഷ്ടപ്പെടുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. നിലവിലുള്ള സംഘർഷത്തിൽ സിവിലിയൻ ജനതയുടെ സംരക്ഷണത്തിനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള ബഹുമാനത്തിനും ഇന്ത്യ നിരന്തരം ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്റാഈൽ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ മുന്‍നിലപാട് അദ്ദേഹം ആവർത്തിച്ചു. ദ്വിരാഷ്ട്ര പരിഹാരവും പലസ്തീന് രാഷ്ട്രപദവിയുമെന്നതാണ് കാലങ്ങളായി ഇന്ത്യ തുടരുന്ന നിലപാടെന്ന് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. സ്പെയിന്‍, അയര്‍ലന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

1980-കളുടെ അവസാനത്തില്‍ പലസ്തീന്‍ രാഷ്ട്രത്തെ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇസ്റാഈലിനോട് ചേര്‍ന്ന് സമാധാനത്തോടെ ജീവിക്കുന്ന, അംഗീകൃതവും പരസ്പര സമ്മതവുമായ അതിര്‍ത്തികള്‍ക്കുള്ളില്‍ പരമാധികാര- സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ദ്വിരാഷ്ട്ര പരിഹാരത്തെ ഞങ്ങള്‍ ദീര്‍ഘകാലമായി പിന്തുണച്ചിട്ടുണ്ട് – രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
Previous Post Next Post