എ കെ ജി സെന്റര്‍ ആക്രമണക്കേസ്; രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായി കുറ്റപത്രം
തിരുവനന്തപുരം | എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ ആദ്യഘട്ട കുറ്റപത്രത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ പ്രതികള്‍. സ്ഫോടക വസ്തു എറിഞ്ഞത് കഴക്കൂട്ടം ആറ്റിപ്ര യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി ജിതിനാണെന്നും ഇതിന് സുഹൃത്ത് ടി നവ്യ സഹായിച്ചെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിലുള്ളത്.
യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, ഇയാളുടെ ഡ്രൈവര്‍ സുധീഷ് എന്നിവരെ കൂടി കേസില്‍ പിടികൂടാനുണ്ടെന്ന് തിരുവനന്തപുരം സി ജി എം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
നിലവില്‍ രണ്ട് പേര്‍ക്കെതിരെ മാത്രമാണ് കുറ്റപത്രം. സുധീഷിന്റെ സ്‌കൂട്ടറാണ് സ്ഫോടകവസ്തു എറിയാന്‍ പ്രതികള്‍ ഉപയോഗിച്ചതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ഇവര്‍ രണ്ടുപേരും വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇവര്‍ക്കെതിരായ പ്രത്യേക കുറ്റപത്രം അടുത്ത ദിവസം തിരുവനന്തപുരം സി ജെ എം കോടതിയില്‍ സമര്‍പ്പിക്കും.
2022 ജൂലൈ ഒന്നിനാണ് എ കെ ജി സെന്ററില്‍ സ്‌കൂട്ടറിലെത്തിയ ആള്‍ പടക്കം എറിഞ്ഞത്. സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. 85ാം ദിവസമാണ് വി ജിതിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത്. പടക്കമെറിഞ്ഞത് ജിതിനാണെന്നും ജിതിന് സ്‌കൂട്ടര്‍ എത്തിച്ച് നല്‍കിയത് നിവ്യയാണെന്നുമായിരുന്നു കണ്ടെത്തല്‍.