നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ വനിത ഡോക്ടറെ പാമ്പ് കടിച്ചതായി സംശയം; യുവതിയെ ആശുപത്രിയിലേക്ക് മാറ്റി

നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ വനിത ഡോക്ടറെ പാമ്പ് കടിച്ചതായി സംശയം; യുവതിയെ ആശുപത്രിയിലേക്ക് മാറ്റി

തൃശൂര്‍| നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ വനിത ഡോക്ടറെ പാമ്പ് കടിച്ചതായി സംശയം.
ഷൊര്‍ണൂര്‍ വിഷ്ണു ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍ നിലമ്പൂര്‍ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രിക്കാണ് (25) പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം.
ഗായത്രിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.

നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ വല്ലപ്പുഴ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പാമ്പ് കടിച്ചതായി യുവതി പറഞ്ഞത്. പുറത്തിറങ്ങിയ യുവതി തന്നെ പാമ്പ് കടിച്ചതായും ബെര്‍ത്തില്‍ പാമ്പ് ഉണ്ടെന്നും പറഞ്ഞു. ബെര്‍ത്തില്‍ പാമ്പിനെ കണ്ടെന്ന് യാത്രക്കാരും അറിയിച്ചു.

ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മറ്റു യാത്രക്കാരോട് യുവതി ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് യാത്രക്കാരാണ് യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഗായത്രിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് പാമ്പ് കടിച്ചതായി സ്ഥിരീകരിക്കാനായില്ല. ഗായത്രി ഇപ്പോള്‍ നിരീക്ഷണത്തിലാണ്. പാമ്പിനെ പിടിക്കാനായി പെരിന്തല്‍മണ്ണ സ്റ്റേഷനില്‍ ആര്‍ആര്‍ടി സംഘം സജ്ജമാണ്.
Previous Post Next Post