എസ് എന്‍ സി ലാവ്‌ലിന്‍ കേസ് 39ാം തവണയും സുപ്രീം കോടതി മാറ്റി

എസ് എന്‍ സി ലാവ്‌ലിന്‍ കേസ് 39ാം തവണയും സുപ്രീം കോടതി മാറ്റി
 
ന്യൂഡല്‍ഹി | മുഖ്യമന്ത്രി പിണറായി വിജയനെതിരായ എസ് എന്‍ സി ലാവ്‌ലിന്‍ കേസ് 39ാം തവണയും സുപ്രീം കോടതി മാറ്റി. ഇന്ന് അന്തിമ വാദത്തിനായി കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും പരിഗണനയ്‌ക്കെടുത്തില്ല.

പുതിയ തെളിവുകള്‍ ഇല്ലാതെ കോടതിക്കുമുമ്പാകെ വരേണ്ടെന്നു ആദ്യഘട്ടത്തില്‍ തന്നെ സുപ്രിം കോടതി സി ബി ഐക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് തുടര്‍ച്ചയായി മാറ്റിയത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിക്കേണ്ടിയിരുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും മെയ് ഒന്നിന് സുപ്രീംകോടതിയില്‍ അന്തിമവാദം തുടങ്ങാന്‍ മാറ്റുകയായിരുന്നു. ഇന്ന് സുപ്രീം കോടതിയുടെ മുമ്പാകെ വന്ന മറ്റു കേസുകള്‍ നീണ്ടുപോയതിനാലാണ് ലാവ്‌ലിന്‍ കേസ് പരിഗണനയ്ക്കാതിരുന്നത്. അന്തിമ വാദത്തിന്റെ പട്ടികയിലുണ്ടായിട്ടും അഭിഭാഷകര്‍ കേസ് ഉന്നയിച്ചില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരായ സി ബി ഐയുടെ ഹര്‍ജിയിലാണ് വാദം ആരംഭിക്കേണ്ടത്.
Previous Post Next Post