3,500 കോടി കൂടി കടമെടുത്തു; 800 കോടി ക്ഷേമ പെൻഷൻ വിതരണത്തിന്

3,500 കോടി കൂടി കടമെടുത്തു; 800 കോടി ക്ഷേമ പെൻഷൻ വിതരണത്തിന്
തിരുവനന്തപുരം | നടപ്പു സാമ്പത്തിക വർഷത്തിൽ മൂന്നാം തവണയും സംസ്ഥാന സർക്കാർ കടമെടുത്തു. ഇന്നലെ 3,500 കോടിയാണ് കടമെടുത്തത്. നേരത്തേ രണ്ട് തവണകളായി 3,000 കോടി കടമെടുത്തിരുന്നു. ഇതോടെ നടപ്പ് സാമ്പത്തിക വർഷം ഇതുവരെ കടമെടുത്ത തുക 6,500 കോടിയായി.

റിസർവ് ബേങ്ക് വഴി കടപ്പത്രമിറക്കിയാണ് സമാഹരണം. നടപ്പു സാമ്പത്തിക വർഷത്തെ മൂന്ന് പാദങ്ങളിലായി ഡിസംബർ വരെ 21,253 കോടി കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഈ കടമെടുപ്പ് ഉൾപ്പെടെ പ്രതീക്ഷിച്ചാണ് ഈ വർഷത്തെ ബജറ്റടക്കം തയ്യാറാക്കിയത്.

ഏപ്രിൽ മുതൽ ഡിസംബർ വരെയും ജനുവരി മുതൽ മാർച്ച് വരെയും രണ്ട് ഘട്ടമായാണ് സംസ്ഥാനങ്ങൾക്ക് കടമെടുക്കാൻ കേന്ദ്രം പ്രത്യേകാനുമതി നൽകുന്നത്. ഈ അനുമതി ലഭിച്ചാലേ റിസർവ് ബേങ്ക് വഴിയുള്ള കടമെടുപ്പ് സാധ്യമാകൂ.
അതേസമയം, ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങൾ നൽകാനും ഒരു മാസത്തെ സാമൂഹിക ക്ഷേമപെൻഷൻ നൽകാനുമായിരിക്കും ഒടുവിൽ കടമെടുത്ത തുക ചെലവഴിക്കുക. ക്ഷേമ പെൻഷൻ വിതരണം ഇന്ന് തുടങ്ങാൻ 800 കോടിയോളം രൂപ ആവശ്യമാണ്.
ഈ മാസവും അടുത്ത മാസവുമായി 7,500 കോടി രൂപയാണ് വിരമിക്കുന്ന ജീവനക്കാർക്ക് ആനുകൂല്യം നൽകാൻ ആവശ്യമായി വരുന്നത്്. ഇതിനായി അടുത്ത മാസം ആദ്യം സർക്കാർ വീണ്ടും കടമെടുക്കും. സെക്രട്ടേറിയറ്റിൽ മാത്രം അഞ്ച് സ്‌പെഷ്യൽ സെക്രട്ടറിമാരടക്കം 150 പേരാണ് ഈ മാസം വിരമിക്കുന്നത്.

വിരമിക്കുന്നവരിൽ നല്ലൊരു പങ്കും ആനുകൂല്യങ്ങൾ ട്രഷറിയിൽ തന്നെ നിക്ഷേപിക്കുന്നുണ്ട്. അതിനാൽ, ഫലത്തിൽ സർക്കാറിന് 7,500 കോടിയുടെ ബാധ്യത ഒറ്റയടിക്ക് വരുന്നില്ലെന്നത് ആശ്വാസകരമാണ്.
Previous Post Next Post