34 ദിവസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് ബെംഗളൂരുവിൽ തിരിച്ചെത്തി: പ്രജ്വൽ രേവണ്ണ അറസ്റ്റിൽ

34 ദിവസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് ബെംഗളൂരുവിൽ തിരിച്ചെത്തി: പ്രജ്വൽ രേവണ്ണ അറസ്റ്റിൽ
ബെംഗളൂരു∙ ലൈംഗിക പീഡന വിവാദത്തെത്തുടർന്നു ജർമനിയിലേക്കു കടന്ന ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയെ(33) പുലർച്ചെ ഒന്നിനു വിമാനത്താവളത്തിൽനിന്നു കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു പുറത്തെത്തിച്ച് അറസ്റ്റ് ചെയ്തു. ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാൽ വിമാനത്തിൽനിന്ന് നേരിട്ട് പിടികൂടി വിഐപി ഗേറ്റിലൂടെ പുറത്തെത്തിച്ചു. 34 ദിവസത്തെ ഒളിവിനു ശേഷമാണു തിരിച്ചെത്തിയത്. ബിസിനസ് ക്ലാസിൽ 8ജി സീറ്റിൽ പ്രജ്വൽ യാത്ര ചെയ്ത ലുഫ്താൻസ വിമാനം മ്യൂണിക്കിൽ നിന്നു പുറപ്പെട്ട് ഇന്നു പുലർച്ചെ 12.48നാണ് ബെംഗളൂരുവിൽ ടെർമിനൽ രണ്ടിൽ ലാൻഡ് ചെയ്തത്. ബെംഗളൂരു വിമാനത്താവളത്തിൽ കാത്തുനിന്ന പൊലീസ് സംഘം തൊട്ടു പിന്നാലെ വിമാനത്തിലേക്ക് എത്തുകയായിരുന്നു. 9 അംഗ പ്രത്യേക അന്വേഷണ സംഘവും മഫ്തിയിൽ വിമാനത്താവളത്തിലുണ്ടായിരുന്നു

പുറത്തെത്തിച്ചതിനു പിന്നാലെ പ്രജ്വലിനെ ബൗറിങ് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോയി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. വിമാനത്താവളത്തിനു ചുറ്റും കനത്ത സുരക്ഷാസന്നാഹമാണ് ഒരുക്കിയത്. ജീവനക്കാരുടെ മൊബൈൽഫോണുകൾക്കുൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാവിലെ 10ന് എസ്ഐടിക്കു മുന്നിൽ ഹാജരാകുമെന്ന പ്രജ്വലിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജനപ്രതിനിധികളുടെ പ്രത്യേക കോടതി എംപിക്കെതിരെ നേരത്തേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സ്വയം ചിത്രീകരിച്ച മൂവായിരത്തോളം ലൈംഗിക ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഏപ്രിൽ 26ന് രാത്രിയാണ് പ്രജ്വൽ രാജ്യം വിട്ടത്. പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന കർണാടകയുടെ ആവശ്യത്തെ തുടർന്ന്, കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു. ജൂൺ 2 വരെയാണ് സമയം അനുവദിച്ചിരുന്നത്. 10 ദിവസത്തെ സമയപരിധി അവസാനിക്കുന്നതോടെ പാസ്പോർട്ട് റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വക്താവ് രൺദീപ് ജയ്സ്വാൾ അറിയിച്ചിരുന്നു
Previous Post Next Post