പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനം; സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തും

പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനം; സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തും
തിരുവനന്തപുരം | സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാന വകുപ്പ്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി ഇടിമിന്നലോടും കാറ്റിനോടും കൂടിയ മഴക്ക് സാധ്യതയെന്നും അറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് അതി ശക്തമായ മഴക്കും മെയ് 29 മുതല്‍ ജൂണ്‍ 2 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് അതിശക്തമഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് മധ്യ-തെക്കന്‍ മേഖലകളില്‍ മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മണ്‍സൂണ്‍ കാറ്റ് ശക്തി പ്രാപിച്ചതും, തെക്കന്‍ തമിഴിനാടിന് മുകളില്‍ തുടരുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്.

കനത്ത മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റിനും, ഇടിമിന്നലിനും സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശവും കടലാക്രമണ സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെക്കന്‍ കേരളതീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്.
Previous Post Next Post