ലോക്കോ പൈലറ്റുമാർ ജൂൺ 1 മുതൽ സമരത്തിലേക്ക്
സംസ്ഥാനത്ത് ശനിയാഴ്ച മുതൽ പ്രത്യക്ഷ പ്രതിഷേധവുമായി ലോക്കോ പൈലറ്റുമാര്‍. ജോലിയിൽ നിന്ന് വിട്ടുനില്‍ക്കാതെ കൃത്യമായ വ്യവസ്ഥകള്‍ പ്രകാരം ജോലി ചെയ്തുകൊണ്ടാണ് വേറിട്ട സമരം നടത്തുന്നത്. തൊഴിൽ, വിശ്രമവേളകളെ കുറിച്ചുള്ള പ്രഖ്യാപിത വ്യവസ്ഥകൾ പാലിച്ചുള്ള അവകാശ പ്രഖ്യാപന പ്രതിഷേധമാണ് നടത്തുക. വ്യവസ്ഥകള്‍ പാലിക്കാതെ തുടര്‍ച്ചയായി ഡ്യൂട്ടിയെടുപ്പിക്കുന്നതില്‍ ഉള്‍പ്പെടെ പ്രതിഷേധിച്ചും 2016ല്‍ അംഗീകരിച്ച ചട്ടങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടുമാണ് സമരം. ഒറ്റയടിക്ക് പത്ത് മണിക്കൂറിലധികം ജോലി ചെയ്യില്ല, 46മണിക്കൂർ വാരവിശ്രമം, തുടർച്ചയായി രണ്ടിലധികം നൈറ്റ് ഡ്യൂട്ടി ചെയ്യില്ല, 48 മണിക്കൂറിന് ശേഷം ഹെഡ് ക്വാർട്ടേഴ്സിലേക്ക് മടങ്ങും എന്നിങ്ങനെയുള്ള തീരുമാനങ്ങള്‍ നടപ്പാക്കികൊണ്ടായിരിക്കും അവകാശ പ്രഖ്യാപനം പ്രതിഷേധമെന്ന് എഐഎല്‍ആര്‍എസ്എ അഖിലേന്ത്യ വര്‍ക്കിങ് കമ്മിറ്റി അംഗം പിഎന്‍ സോമൻ പറഞ്ഞു. ഇതെല്ലാം അംഗീകരിക്കപ്പെട്ട വ്യവസ്ഥകളാണെന്നും ഒരു ചട്ടവും ലംഘിക്കുന്നില്ലെന്നും ഓൾ ഇന്ത്യ ലോകോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍റെ ദക്ഷിണമേഖലാഘടകം വിശദീകരിക്കുന്നു. ട്രെയിൻ യാത്രയുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ 2012ൽ ചർച്ച തുടങ്ങി 2016ൽ അംഗീകരിച്ച് 2020 മുതൽ നടപ്പാക്കാൻ തീരുമാനിച്ച വ്യവസ്ഥകളാണ് ഇവ. എന്നാല്‍, പല കാരണങ്ങൾ പറഞ്ഞ് നിർദേശങ്ങൾ ഇതുവരെയും നടപ്പായില്ല. ഈ വ്യവസ്ഥകള്‍ കൃത്യമായി നടപ്പാക്കാൻ ഇനി അവകാശപ്രഖ്യാപനമല്ലാതെ വേറെ വഴിയില്ലെന്ന് ലോക്കോ പൈലറ്റുമാർ ഉറപ്പിച്ച് പറയുന്നത്. വ്യവസ്ഥകള്‍ നടപ്പാക്കണമെന്ന ഉറച്ച നിലപാടിലാണ് ലോക്കോ പൈലറ്റുമാര്‍.