യു എ ഇക്ക് 1,700-ലധികം സൈക്യാട്രിസ്റ്റുകളെ വേണം
ദുബൈ | യു എ ഇയില്‍ മാനസികാരോഗ്യ സേവനങ്ങളുടെ ആവശ്യം വര്‍ധിച്ചുവരുന്നതായി റിപോര്‍ട്ട്. ഇത് നിറവേറ്റാന്‍ 1,759 സൈക്യാട്രിസ്റ്റുകളും മറ്റു സംവിധാനങ്ങളും ആവശ്യമാണെന്ന് നൈറ്റ് ഫ്രാങ്കിന്റെ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയ്ക്കുള്ള മാനസികാരോഗ്യ റിപോര്‍ട്ട് പറയുന്നു. 2030-ഓടെ രാജ്യത്തെ ജനസംഖ്യ ഏകദേശം 11 ദശലക്ഷത്തിലെത്തുന്ന സാഹചര്യത്തില്‍ കൂടിയാണിത്.
സാമൂഹിക മാറ്റങ്ങളും പുരോഗതികളും മാനസികാരോഗ്യ അവസ്ഥയിലെ മാറ്റങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. 20-39 വയസ് പ്രായമുള്ള വ്യക്തികള്‍ക്കിടയില്‍ ഈ വിഷയത്തില്‍ കൂടുതല്‍ പരിഗണന വേണ്ടതുണ്ട്. 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം യു എ ഇയില്‍ വര്‍ധിക്കുന്നതും ഒരു കാരണമാണ്.
ഒരുവക്ഷം ജനസംഖ്യക്ക് 0.3 സൈക്യാട്രിസ്റ്റുകളും സമാനമായ എണ്ണം ആളുകള്‍ക്ക് 14,000 സൈക്യാട്രിക് കിടക്കകളും യു എ ഇയിലുണ്ട്. അതേസമയം യു എ ഇയില്‍, മുഴുവന്‍ ജനങ്ങളെയും സേവിക്കുന്ന ഒരു സമര്‍പ്പിത മാനസികാരോഗ്യ കേന്ദ്രം മാത്രമേയുള്ളൂ. 1980 ല്‍ യു എ ഇ മാനസികാരോഗ്യ സേവനങ്ങള്‍ അവതരിപ്പിച്ചുവെന്നും ഇന്ന് ദേശീയ അജണ്ടയിലെ പ്രധാന പ്രകടന സൂചകമാണ് മാനസികാരോഗ്യം എന്നും നൈറ്റ് ഫ്രാങ്കിലെ എം ഇ എയുടെ പങ്കാളിയും സ്ട്രാറ്റജിയും കണ്‍സള്‍ട്ടന്‍സിയുമായ ശഹ്‌സാദ് ജമാല്‍ പറഞ്ഞു.
ഉത്കണ്ഠയും വിഷാദവും പോലുള്ള അവസ്ഥകളുടെ നിരക്ക് യു കെയുമായി താരതമ്യപ്പെടുത്തുമ്പോള്‍ യു എ ഇയില്‍ തുല്യമാണ്. എന്നിരുന്നാലും, ഇന്‍ഫ്രാസ്ട്രക്ചറിന്റെ കാര്യത്തില്‍, യു കെയിലെ ഒരുലക്ഷം ജനസംഖ്യയില്‍ 36.9 കിടക്കകളുള്ളപ്പോള്‍, മാനസികാരോഗ്യ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും ലഭ്യതയിലെ കുറവ് പരിഹരിക്കേണ്ടതുണ്ടെന്നും വിശകലന വിദഗ്ധര്‍ പറഞ്ഞു.