മക്ക- മദീന അതിവേഗ ട്രെയിന്‍: സീറ്റുകള്‍ 16 ലക്ഷമാക്കും

മക്ക- മദീന അതിവേഗ ട്രെയിന്‍: സീറ്റുകള്‍ 16 ലക്ഷമാക്കും
കൊണ്ടോട്ടി | മക്ക- മദീന അതിവേഗ ട്രെയിനില്‍ (ഹറമൈന്‍ ട്രെയിന്‍) സീറ്റുകള്‍ 16 ലക്ഷമായി വര്‍ധിപ്പിക്കുമെന്ന് സഊദി റെയില്‍വേ വിഭാഗം അറിയിച്ചു. ഈ ഹജ്ജ് സീസണില്‍ ഒരു ലക്ഷം സീറ്റുകള്‍ അധികമായി അനുവദിക്കും. മുന്‍ വര്‍ഷത്തേക്കാള്‍ 430തിലേറെ സര്‍വീസുകളാണ് കൂടുതലായി ഉള്‍പ്പെടുത്തുക.

ദുല്‍ഖഅദ് മുതല്‍ ദുല്‍ഹിജ്ജ 19 വരെ 3,800ലധികം സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. തിരക്കേറിയ ദിവസങ്ങളില്‍ 126 സര്‍വീസുകള്‍ വരെ നടത്തും. മക്ക മുതല്‍ മദീന വരെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ അഞ്ച് സ്റ്റേഷനുകളെ ബന്ധിപ്പിച്ച് 453 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് അതിവേഗ റെയില്‍ പാത.

മണിക്കൂറില്‍ പരമാവധി 300 കി.മീ. വരെ വേഗതയിലാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്. ഇത്തവണ ആദ്യമായി ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ ഹാജിമാരും മക്കയിലേക്ക് ഹറമൈന്‍ ട്രെയിനില്‍ യാത്ര ചെയ്തു. ഇത് മുംബൈയില്‍ നിന്നുള്ള ഹാജിമാരായിരുന്നു.
Previous Post Next Post