അഴിമതിക്കേസില്‍ മാവേലി സ്റ്റോറുകളിലെ മാനേജര്‍മാര്‍ക്ക് 12 വര്‍ഷം കഠിന തടവും ലക്ഷങ്ങളുടെ പിഴയും

അഴിമതിക്കേസില്‍ മാവേലി സ്റ്റോറുകളിലെ മാനേജര്‍മാര്‍ക്ക് 12 വര്‍ഷം കഠിന തടവും ലക്ഷങ്ങളുടെ പിഴയും
പത്തനംതിട്ട |  അഴിമതി കേസ്സുകളില്‍ മാവേലി സ്റ്റോറുകളിലെ മാനേജര്‍മാര്‍ക്ക് 12 വര്‍ഷം വരെ കഠിന തടവും ലക്ഷങ്ങളുടെ പിഴയും ശിക്ഷ വിധിച്ച് വിജിലന്‍സ് കോടതികള്‍. പത്തനംതിട്ട ജില്ലയിലെ പുതുശ്ശേരി മാവേലി സ്റ്റോറിലെ ഷോപ്പ് മാനേജരായിരുന്ന ബേബി സൗമ്യ 2007-2008 കാലഘട്ടത്തില്‍ ക്രമക്കേട് നടത്തിയതിന് തിരുവനന്തപുരം വിജിലന്‍സ് കോടതി 12 വര്‍ഷം കഠിനതടവിനും 8,07,000 രൂപ പിഴ ഒടുക്കുന്നതിനുംശിക്ഷിച്ചു.

മറ്റൊരു കേസ്സില്‍ കോട്ടയം ജില്ലയിലെ അരീക്കര മാവേലി സ്റ്റോറിലെ അസിസ്റ്റന്റ് സെയില്‍സ്മാനും മാനേജര്‍ ചുമതല വഹിച്ചിരുന്ന ആര്‍ മണിയെ 2008-2009 കാലഘട്ടത്തില്‍ ക്രമക്കേട് നടത്തിയതിന് 6 വര്‍ഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും കോട്ടയം വിജിലന്‍സ് കോടതി ശിക്ഷിച്ചു. 2007-2008 കാലഘട്ടത്തില്‍ പത്തനംതിട്ട ജില്ലയിലെ പുതുശ്ശേരി മാവേലി സ്റ്റോറില്‍ ഷോപ്പ് മാനേജരായി ചുമതല വഹിച്ചിരുന്ന ബേബി സൗമ്യ മാവേലി സ്റ്റോറില്‍ നിന്നും 5,56,181 രൂപയുടെ ക്രമക്കേട് നടത്തിയതിന് പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം നല്‍കിയ കേസ്സിലാണ് ബേബി സൗമ്യ കുറ്റക്കാരിയാണെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി കണ്ടെത്തി വിവിധ വകുപ്പുകളിലായി 3 വര്‍ഷം വീതം ആകെ 12 വര്‍ഷം കഠിനതടവും 8,07,000 രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചത്.ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി എന്ന് വിധി ന്യായത്തില്‍ പറയുന്നു. പത്തനംതിട്ട വിജിലന്‍സ് ഡി വൈ എസ് പിയായിരുന്ന വി വി അജിത്ത് രജിസ്റ്റര്‍ ചെയ്തു കേസ്സില്‍ ഡി വൈ എസ് പി മാരായിരുന്ന വി വി അജിത്ത്, ബേബി ചാള്‍സ്, പി കെ ജഗദീഷ്, പി ഡി രാധാകൃഷ്ണപിള്ള എന്നിവര്‍ അന്വേഷണം നടത്തി ഡി വൈ എസ് പിആയിരുന്ന പി ഡി രാധാകൃഷ്ണപിള്ള കുറ്റപത്രം സമര്‍പ്പിച്ച കേസ്സിലാണ് പ്രതിയായ ബേബി സൗമ്യ കുറ്റക്കാരിയാണെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ വീണാ സതീശന്‍ ഹാജരായി.

2008-2009 കാലഘട്ടത്തില്‍ കോട്ടയം ജില്ലയിലെ അരീക്കരമാവേലി സ്റ്റോറില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ ആന്‍ഡ് ഇന്‍ ചാര്‍ജ് ഷോപ്പ് മാനേജരായിരുന്ന ആര്‍. മണി മാവേലി സ്റ്റോറില്‍ നിന്നും 3,35,882 രൂപയുടെ ക്രമക്കേട് നടത്തിയതിന് കോട്ടയം വിജിലന്‍സ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത്, അന്വേഷണം നടത്തി, കുറ്റപത്രം നല്‍കിയ കേസ്സിലാണ് മണി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലന്‍സ് കോടതി കണ്ടെത്തി വിവിധ വകുപ്പുകളിലായി 2 വര്‍ഷം വീതം ആകെ 6 വര്‍ഷം കഠിനതടവിനും 4 ലക്ഷം രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
കോട്ടയം വിജിലന്‍സ് ഡി വൈ എസ് പിയായിരുന്ന പി കൃഷ്ണകുമാര്‍ രജിസ്റ്റര്‍ ചെയ്തു കേസ്സില്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന കെ എ രമേശന്‍, ബേബി അബ്രഹാം, അമ്മിണികുട്ടന്‍ എന്നിവര്‍ അന്വേഷണം നടത്തി ഡി വൈ എസ് പി ആയിരുന്ന പി കൃഷ്ണകുമാര്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ്സിലാണ് പ്രതിയായ മണി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലന്‍സ് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രീകാന്ത് കെ കെ ഹാജരായി.

 
Previous Post Next Post