കോട്ടപ്പടി സെൻ്റ് ലാസേർസ് പള്ളിയിൽ വറതച്ചൻ്റെ 110-ാം ശ്രാദ്ധാഘോഷം ജൂൺ 1 മുതൽ

കോട്ടപ്പടി സെൻ്റ് ലാസേർസ് പള്ളിയിൽ വറതച്ചൻ്റെ 110-ാം ശ്രാദ്ധാഘോഷം ജൂൺ 1 മുതൽ
ഗുരുവായൂർ: ജീവിച്ചിരിക്കെ “പുണ്യവാൻ” എന്ന് ഖ്യാതി നേടിയ, അതുല്യ ജീവകാരുണ്യ പ്രവർത്തകനും സാമൂഹ്യ പരിഷ്കർത്താവും സർവ്വോപരി നാടിൻ്റെ അഭിമാന ഭാജനവുമായ പുണ്യശ്ലോകൻ വറതച്ചന്റെ 110-ാം ശ്രാദ്ധം ജൂൺ 1 മുതൽ 8 വരെ കോട്ടപ്പടി സെൻ്റ് ലാസ്റ്റേഴ്‌സ് പള്ളിയിൽ ആപരിക്കുന്നു.

വറതച്ചൻ അന്നത്തെ കോട്ടപ്പടി ഇടവകയിൽ ചുങ്കത്ത് പാറേക്കാട്ട് കുഞ്ഞിപ്പാലുവിന്റേയും മറിയത്തിന്റേയും മകനായി 1840-ൽ ജനിച്ചു. കുടിപ്പള്ളിക്കൂടത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ദൈവവിളി തിരിച്ചറിഞ്ഞ് കൽപ്പറമ്പ്, കൂനമ്മാവ് സെമിനാരികളിലെ പഠനം വിജയകരമായി പൂർത്തീകരിച്ച് 1870 -ൽ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്‌തു. ദരിദ്രരോടുള്ള ആത്മീയ പ്രതിബദ്ധതയാൽ ദാരിദ്ര്യം സ്വമനസ്സാലെ സ്വീകരിച്ച വറതച്ചൻ കോട്ടപ്പടി, ആർത്താറ്റ്, ചിറളയം, വൈലത്തൂർ, ചിറ്റാട്ടുകര, പാവറട്ടി, മുണ്ടൂർ, വേലൂർ, എരനെല്ലൂർ, കൊട്ടേക്കാട്, വലപ്പാട്, പറപ്പൂക്കര എന്നീ ഇടവകകളിൽ സേവനമനുഷ്‌ഠിച്ചു. കുറച്ചുകാലം ഗോവയിലും പ്രേഷിത പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

സാമൂഹ്യ ഉച്ചനീചത്വങ്ങൾ കൊടികുത്തി വാണിരുന്ന ഒരു കാലഘട്ടത്തിൽ ജാതി മതഭേദമില്ലാതെ, തൊട്ടു കൂടാത്തവരേയും തീണ്ടി കൂടാത്തവരേയും ഒരു പിതാവിൻ്റെ സ്നേഹ വാത്സല്യത്തോടെ നെഞ്ചോട് ചേർത്തണച്ച യോഗീവര്യനായിരുന്നു വറതച്ചൻ. ദരിദ്രരേയും നിർധനരേയും അശരണരേയും സ്വന്തം സഹോദരങ്ങളായി കണ്ട ആ വന്ദ്യവൈദികൻ, ഒരു താപസൻ്റെ വ്രതനിഷ്‌ഠകളോടെ ജീവിച്ച് സമൂഹത്തിൽ നിരവധി അത്ഭുതകരമായ അനുഗ്രഹങ്ങൾ ചൊരിഞ്ഞു. ഒരു സാമൂഹ്യ പരിഷ്‌കർത്താവുകൂടിയായിരുന്ന അദ്ദേഹം സാമൂഹ്യ തിന്മകൾക്കെതിരെ ശബ്ദമുയർത്തുകയും തനിക്കുചുറ്റും കഴിയുന്നവരുടെ ദുഃഖദുരിതങ്ങളിൽ പങ്കുചേർന്ന് ആധിയും വ്യാധിയും മാറ്റുകയും അവരുടെ കാർഷിക വിളകൾക്കുണ്ടാകുന്ന ദോഷങ്ങൾ നീക്കി സംരക്ഷിക്കുകയും ചെയ്തു. 1914 ജൂൺ 8 നാണ് വറതച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്.

ഒരു നാടിനു തുണയായി നിന്ന് അനുഗ്രഹങ്ങൾ വാരിവിതറിയ വറതച്ചൻ മരണശേഷവും തന്റെ മദ്ധ്യസ്ഥാനുഗ്രഹം തുടരുകയാണ്. വറതച്ചൻ്റെ ഭൗതികദേഹം അന്ത്യവിശ്രമം കൊള്ളുന്ന കോട്ടപ്പടി പള്ളിയിലെ കബറിടത്തിൽ ജാതി -മത – വർഗ്ഗ വ്യത്യാസം കൂടാതെ കേരളത്തിനകത്തും പുറത്തും നിന്ന് ധാരാളം വിശ്വാസികൾ എത്തിക്കൊണ്ടിരിക്കുന്നു. എല്ലാ വർഷവും ജൂൺ 1 മുതൽ 8 വരെയാണ് വറതച്ചന്റെ ശ്രാദ്ധം ആചരിക്കുന്നത്.

അന്നേദിവസം പതിനായിരങ്ങൾ ആ പുണ്യാത്മാവിൻ്റെ കബറിടത്തിലെത്തി വണങ്ങുകയും ശ്രാദ്ധസദ്യയിൽ പങ്കുകൊള്ളുകയും ചെയ്യാറുണ്ട്. നൂറുകണക്കിന് അനുഭവസ്ഥരാണ് തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾ സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

വറതച്ചൻ തുടങ്ങിവെച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുന്നതിനായി ഒരു ട്രസ്റ്റ് പ്രവർത്തിച്ചുവരുന്നുണ്ട്. വീടുപണി, ചികിത്സ, വിവാഹം, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളിൽ നിർധനർക്കായി ഒരോ വർഷവും ലക്ഷങ്ങൾ ചെലവഴിച്ചുവരുന്നു. ജൂൺ 8 ന് സമീപത്തുള്ള ആശുപത്രികളിൽ നടക്കുന്ന എല്ലാ ഡയാലിസിസ് ചെലവുകളും പതിവുപോലെ ട്രസ്റ്റ് വഹിക്കുന്നതാണ്.

8-ന് ശനിയാഴ്ച്‌ച രാവിലെ 10.00 -ന് ആരംഭിക്കുന്ന ആഘോഷമായ തിരുക്കർമ്മങ്ങൾക്ക് ഫാ. ഡേവീസ് പനക്കൽ സി. എം. ഐ. നേതൃത്വം വഹിക്കും. തുടർന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന ശ്രാദ്ധ ഊട്ട് സദ്യ നടക്കും. കുട്ടികൾക്ക് ചോറൂണ്. തുലാഭാരം തുടങ്ങിയ വഴിപാട് ചടങ്ങുകളും അതോടൊപ്പം ഉണ്ടായിരിക്കും.

ശ്രാദ്ധാഘോഷ പ്രവർത്തനങ്ങൾക്ക് വികാരി ഫാ. ഷാജി കൊച്ചുപുരക്കൽ, അസി. വികാരി ഫാ. എഡ്‌വിൻ ഐനിക്കൽ, ജനറൽ കൺവീനർ ലിൻ്റോ ചാക്കോ സി.. കൈക്കാരന്മാരായ ഡൈസൻ പഴുന്നാ ന, എം. എഫ്. വിൻസെൻ്റ്, ജാക്‌സൻ നീലങ്കാവിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് നേതൃത്വം നൽകുന്നത്. വിവിധ കമ്മിറ്റി കൺവീനർമാരായ ബിജു അന്തിക്കാട്ട് (പബ്ളിസിറ്റി), പോളി കെ. പി.(ഫിനാൻസ്), ജോബി വാഴപ്പുള്ളി (ശ്രാദ്ധസദ്യ), ലോറൻസ് വാഴപ്പിള്ളി(പാർസൽ), ജോൺപോൾ പൊറത്തൂർ (ഡക്കറേഷൻ), മാഗി ആൽബർട്ട്(ലിറ്റർജി), ജിജോ ജോർജ്ജ് (വളണ്ടിയർ), കൊച്ചപ്പൻ എൻ. എം.(തുലാഭാരം), ബാബു വി. കെ.(ലേലം, അനൗൺസ്മെന്റ്റ്), വി. സി. ബെന്നി(കാർഷികമേള) എന്നിവരും ട്രസ്റ്റ് സെക്രട്ടറി ജോമോൻ ചുങ്കത്ത്, ജോസഫ് വാഴപ്പുള്ളി (കർമ്മസമിതി പ്രസിഡണ്ട്), ബാബു എം. വർഗ്ഗീസ് (പ്രതിനിധിയോഗസെക്രട്ടറി), ബിജു മുട്ടത്ത് (കൂട്ടായ്‌മകേന്ദ്രസമിതി കൺവീനർ), ബെന്നി പി വി (ഭക്തസംഘടന ഏകോപനസമിതി കൺ.), ജോബ് സി. ആൻഡ്രൂസ് (പി. ആർ. ഒ.) തുടങ്ങിയവരുടെ നേത്യ ത്വത്തിലുള്ള സുസജ്ജമായ കമ്മിറ്റിയാണ് ശ്രാദ്ധാഘോഷചടങ്ങുകളുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നത്.
Previous Post Next Post