ജമ്മു കശ്മീരിൽ മിന്നൽ പ്രളയം; അഞ്ചു പേർ മരിച്ചു
ജമ്മു കശ്മീരിൽ മിന്നൽ പ്രളയത്തിൽ അഞ്ച് പേർ മരിച്ചു. കുപ്‌വാര ജില്ലയിലാണ് മിന്നൽ പ്രളയമുണ്ടായത്. ദോഡ, റിയാസി, കിഷ്ത്വാർ, റംബാൻ, ബാരാമുള്ള തുടങ്ങി മലയോര ജില്ലകളിലാണ് കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായത്. ജമ്മു കശ്മീരിൻ്റെ പല ഭാഗങ്ങളിലും തുടർച്ചയായി മഴ പെയ്യുന്നതിനാൽ മുൻകരുതൽ നടപടിയായി കശ്മീർ താഴ്‌വരയിലുടനീളമുള്ള സ്‌കൂളുകളും റിയാസി ജില്ലയും അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്.
റോഡിൽ പലയിടത്തും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കുപ്‌വാര-സോപൂർ ദേശീയ പാത അടച്ചു. അടുത്ത 24 മണിക്കൂർ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ വിവിധ പ്രദേശങ്ങളിൽ വൻ നാശമാണ് വിതച്ചിരിക്കുന്നത്. ശ്രീനഗർ-ജമ്മു ദേശീയ പാത കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. കുപ്‌വാരയിലെ പൊഹ്‌റു നല്ലയിൽ ഇന്നലെ അധികൃതർ അപകട മുന്നറിയിപ്പ് നൽകിയിരുന്നു.