തോമസ് കപ്പ്: ഇന്ത്യ ക്വാര്‍ട്ടറില്‍
ചെങ്ദു | തോമസ് കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. നോക്കൗട്ട് റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ 5-0ത്തിന് തകര്‍ത്താണ് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കിയത്. ആദ്യ അങ്കത്തില്‍ തായ്‌ലന്‍ഡിനെ 4-1ന് ഇന്ത്യ തോല്‍പ്പിച്ചിരുന്നു.
ആദ്യ മത്സരത്തില്‍ ഹാരി ഹുവാങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ച് എച്ച് എസ് പ്രണോയ് ആണ് രാജ്യത്തിന് ലീഡ് നേടിക്കൊടുത്തത് (21-15, 21-15). മൂന്ന് ഗെയിം നീണ്ട ഡബിള്‍സില്‍ സാത്വിക് സൈരാജ് രങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം ബെന്‍ ലെയിന്‍-സീന്‍ വെന്‍ഡി കൂട്ടുകെട്ടിനെ തോല്‍പ്പിച്ചു (21-17, 19-21, 21-15). പോരാട്ടം ഒരു മണിക്കൂറും അഞ്ച് മിനുട്ടും നീണ്ടു. മറ്റൊരു മത്സരത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ കിഡംബി ശ്രീകാന്ത്, നദീം ദാല്‍വിയെ 21-16, 21-11 എന്ന സ്‌കോറിന് പരാജയപ്പെടുത്തി ഇന്ത്യക്ക് 3-0ത്തിന്റെ അനിഷേധ്യ ലീഡ് സമ്മാനിച്ചു.
ഇന്ത്യയുടെ രണ്ടാമത്തെ ഡബിള്‍സ് ജോഡിയായ എം ആര്‍ അര്‍ജുന്‍-ധ്രുവ് കപില സഖ്യം റോറി ഈസ്‌റ്റോണ്‍-അലക്‌സ് ഗ്രീന്‍ സഖ്യത്തെ പരാജയപ്പെടുത്തി (21-17, 21-19). അവസാന അങ്കത്തില്‍ കിരണ്‍ ജോര്‍ജ്, ചോലന്‍ കയാനു മേല്‍ 21-18, 21-12 എന്ന് സ്‌കോറിന് വിജയം നേടി.