മത്സ്യത്തൊഴിലാളികളുടെ ജീവിതം വെച്ച് രാഷ്ട്രീയം കളിക്കുന്നു; മോദിക്കെതിരെ ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളി സംഘടനകള്‍
കൊളംബോ | കച്ചത്തീവ് വിഷയത്തില്‍ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ശ്രീലങ്കയിലെ മത്സ്യത്തൊഴിലാളി സംഘടനകള്‍. ഇന്ത്യയിലെയും ശ്രീലങ്കയിലെയും മത്സ്യത്തൊഴിലാളികളുടെ ജീവിതം വെച്ച് രാഷ്ട്രീയം കളിക്കുകയാണ് മോദി ചെയ്യുന്നത്. വിഷയത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാറുമായി ആവശ്യമായ ചര്‍ച്ചകള്‍ നടത്തണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.
കച്ചത്തീവ് ഇന്ത്യക്ക് അവകാശപ്പെട്ടതെന്ന നിലയില്‍ പ്രസ്താവന നടത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെയും അതിരൂക്ഷമായി വിമര്‍ശിച്ച് ശ്രീലങ്കയിലെ മാധ്യമങ്ങളും രംഗത്തെത്തി. അയല്‍ക്കാരന്റെ അനാവശ്യവും അപകടകരവുമായ പ്രകോപനമെന്ന് ഡെയ്‌ലി ഫിനാന്‍ഷ്യല്‍ ടൈംസ് പത്രം ആരോപിച്ചു.
കച്ചത്തീവ് ദ്വീപ് വിവാദത്തില്‍ കോണ്‍ഗ്രസ്സിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള പ്രസ്താവനയാണ് മോദി കഴിഞ്ഞ ദിവസം നടത്തിയത്. 1974ല്‍ അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ് കച്ചത്തീവ് ശ്രീലങ്കക്ക് കൈമാറാന്‍ തീരുമാനിച്ചതെന്ന വിവരാവകാശ കമ്മീഷന്‍ റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയായിരുന്നു ഇത്. ഞെട്ടിപ്പിക്കുന്ന വിവരമാണിതെന്നും ഇതിലൂടെ രാജ്യത്തിന്റെ അഖണ്ഡതയും താത്പര്യങ്ങളും ദുര്‍ബലപ്പെടുത്തുകയാണ് അന്നത്തെ വലിയ പാര്‍ട്ടി ചെയ്തതെന്നും മോദി ആരോപിച്ചു.
‘ഹൃദയശൂന്യമായ നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. കച്ചത്തീവ് കൈമാറിയ കോണ്‍ഗ്രസ് നടപടി ഓരോ ഇന്ത്യക്കാരനെയും ചൊടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിനെ ഒരുകാലത്തും വിശ്വസിക്കാന്‍ കഴിയില്ല. ഇന്ത്യയുടെ ഐക്യം, അഖണ്ഡത, താത്പര്യങ്ങള്‍ എല്ലാം ദുര്‍ബലപ്പെടുത്തിയത് കോണ്‍ഗ്രസ്സാണ്.’- മോദി എക്സില്‍ കുറിച്ചു.