സി പി എം സെക്രട്ടറിയറ്റ് ഇന്ന്; ഇ പിയുടെ വിശദീകരണം പാര്‍ട്ടി മുഖവിലക്കെടുത്തേക്കും

സി പി എം സെക്രട്ടറിയറ്റ് ഇന്ന്; ഇ പിയുടെ വിശദീകരണം പാര്‍ട്ടി മുഖവിലക്കെടുത്തേക്കും
തിരുവനന്തപുരം | തിരഞ്ഞെടുപ്പു സാഹചര്യം വിലയിരുത്തുന്നതിനായി ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്. പോളിങ്ങിനു ശേഷമുള്ള കണക്കുകളുടെ പരിശോധന, സ്ഥാനാര്‍ഥികളുടെ വിജയ സാധ്യത, അടിയൊഴുക്കുകള്‍, വീഴ്ചകള്‍ എന്നിവ വിലയിരുത്തും. ഇതു സംബന്ധിച്ച് അടിത്തട്ടുമുതല്‍ ശേഖരിച്ചു തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ടാണ് സെക്രട്ടറിയറ്റില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സമര്‍പ്പിക്കുക.

പോളിങ്ങ് ദിവസം ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ ആസൂത്രിതമാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇന്നു നടക്കുന്ന സെക്രട്ടറിയറ്റില്‍ പങ്കെടുക്കുന്ന ഇ പി ഇതു സംബന്ധിച്ചു വിശദീകരണം നല്‍കുമെന്നാണ് അറിയുന്നത്.

ബന്ധങ്ങളിലും സൗഹൃദങ്ങളിലും സൂക്ഷമത പുലര്‍ത്താത്ത ഇ പിയെ വലയിലാക്കാന്‍ ആസൂത്രിത ഗൂഢാലോചന നടന്നു എന്നാണു പ്രാഥമിക നിഗമനം. ഇപിയുടെ മകനെ ഉപയോഗിച്ച് ഇതിനായുള്ള കരുക്കള്‍ നീക്കിയിട്ടുണ്ടാവാമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ബി ജെ പി-ദല്ലാള്‍ നന്ദകുമാര്‍- മാധ്യമ സഖ്യത്തില്‍ പിറന്ന ആസൂത്രിത നീക്കം ലക്ഷ്യമിടുന്നതു പോലെ ഇ പിയെ നടപടിക്കു വിധേയമാക്കുന്നത് ഗുണകരമല്ലെന്ന വിലയിരുത്തലാണ് നേതൃത്വത്തിലുള്ളത്. ഇ പിയെ പാര്‍ട്ടിക്ക് അനഭിമതനാക്കി പുറത്ത് എത്തിക്കുക എന്ന ആസൂത്രിത നീക്കം നടക്കുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നതെന്നു പാര്‍ട്ടി കാണുന്നു.

സെക്രട്ടറിയറ്റ് യോഗം മുന്നില്‍ കണ്ടാണ് കൂടുതള്‍ ആരോപണവുമായി ബി ജെ പിയും നന്ദകുമാറും രംഗത്തുവരുന്നത്. എന്നാല്‍ വിവാദ വിഷയങ്ങളില്‍ ഇ പി പാര്‍ട്ടിക്കു നല്‍കുന്ന വിശദീകരണത്തെ മുഖവിലക്കെടുത്തു മുന്നോട്ടു പോകാനായിരിക്കും പാര്‍ട്ടി തയ്യാറാവുക എന്നാണു വിവരം. ഇ പിയെ പോലെ ഒരു മുതിര്‍ന്ന നേതാവിനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത് ശരിയല്ലെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. ബന്ധങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നതില്‍ ഉണ്ടായ പോരായ്മകള്‍ ഇ പി പാര്‍ട്ടിക്കുമുമ്പില്‍ ഏറ്റു പറഞ്ഞേക്കും. ആരോപണങ്ങള്‍ക്കെതിരെ ഇ പിയോട് നിയമ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.
Previous Post Next Post