'ജനാധിപത്യം അതിന്റെ വഴിക്ക് പോകട്ടെ'; കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കണമെന്ന ഹരജി മൂന്നാം തവണയും തള്ളി
ന്യൂഡല്‍ഹി | അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി മൂന്നാം തവണയും തള്ളി. ജനാധിപത്യം അതിന്റെ വഴിക്ക് പോകട്ടെ എന്നു നിരീക്ഷിച്ചു കൊണ്ടാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്.
ഈ വിഷയത്തില്‍ ഇടക്കാലാശ്വാസം തേടിയുള്ള കെജ്രിവാളിന്റെ ഹര്‍ജിയില്‍ കോടതി ഇന്ന് പിന്നീട് വിധി പറയും . ആം ആദ്മി പാര്‍ട്ടി നേതാവിനെ തന്റെ സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിച്ചതിന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയെ ഉപദേശിക്കാനും കോടതി വിസമ്മതിച്ചു. അദ്ദേഹത്തിന് ഞങ്ങളുടെ മാര്‍ഗനിര്‍ദേശം ആവശ്യമില്ല. അദ്ദേഹത്തെ ഉപദേശിക്കാന്‍ ഞങ്ങള്‍ ആരുമല്ല. നിയമപ്രകാരം ചെയ്യേണ്ടതെന്തും അദ്ദേഹം ചെയ്യും- ഹൈക്കോടതി പറഞ്ഞു.
കെജ്രിവാളിനോട് രാജിവെക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണറോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. വ്യക്തിഗത വിഷയങ്ങളില്‍ ദേശീയ താല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കാനും മറ്റൊരു ഫോറത്തിന് മുന്നില്‍ ഈ വിഷയം ഉന്നയിക്കാനും ഹര്‍ജിക്കാരനോട് കോടതി പറഞ്ഞു.
കഴിഞ്ഞ ആഴ്ചയും ജനുവരിയിലും സമാനമായ ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു.