സ്തനാർബുദം ഇരട്ടിയായെന്ന് ഗവ. മെഡിക്കൽ കോളേജിൽ നടത്തിയ പഠനറിപ്പോർട്ട്

സ്തനാർബുദം ഇരട്ടിയായെന്ന് ഗവ. മെഡിക്കൽ കോളേജിൽ നടത്തിയ പഠനറിപ്പോർട്ട്
മെഡിക്കൽ കോളേജ് : ഗവ. മെഡിക്കൽ കോളേജിൽ ചികിത്സതേടിയെത്തുന്ന രോഗികളിൽ സ്തനാർബുദം ബാധിച്ചവരുടെ എണ്ണം ഇരട്ടിയിലേറെയാതായി റിപ്പോർട്ട്. 2021 -ലെ കാൻസർ രജിസ്റ്റർ പ്രകാരം സ്ത്രീരോഗികളിൽ 37.4 ശതമാനം പേരും സ്തനാർബുദം ബാധിച്ചവരാണ്. 2020-ൽ ഇത് 15.5 ശതമാനം മാത്രമായിരുന്നു. മാത്രമല്ല ഇവരിൽ 48.2 ശതമാനം പേരും മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തിലാണ് കണ്ടെത്തുന്നത്. അതേസമയം ഗർഭാശയ കാൻസർ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് കണ്ടെത്തിയിട്ടുണ്ട്.

സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ 14.8 ശതമാനം പേർക്കും ഉദരസംബന്ധമായ രോഗം ബാധിച്ചവരാണെന്നാണ് റിപ്പോർട്ട്. പുരുഷന്മാരായ രോഗികളിൽ 44.4 ശതമാനം പേർക്ക് പുകവലിജന്യരോഗങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരിൽ 80 ശതമാനവും ഗുരുതരമായ മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തിലാണ് കണ്ടെത്തുന്നത്. ഇതിനാൽ രോഗം ഫലപ്രദമായ ചികിത്സ സ്വീകരിക്കുന്നതിനോ തീരുമാനിച്ച ചികിത്സ പൂർത്തിയാകുന്നതിനോ പരിമിതികൾ നേരിടുന്നു.

പുരുഷന്മാരിൽ 19.5 ശതമാനം പേർക്ക് പുകവലിജന്യമായ ശ്വാസകോശ അർബുദവും കണ്ടുവരുന്നു. 2021 കണക്കുപ്രകാരം 3,987 പുതിയ കാൻസർരോഗികളാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. 2020-ൽ ഇത് 4,065 ആയിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. ഷീല കാൻസർ രജിസ്ട്രി പ്രകാശനം ചെയ്തു. കാൻസർ വിഭാഗം മേധാവി ഡോ. കെ.ആർ പ്രേമ, ഡോ. എം.ബി. ജയരാമൻ, ഡോ. ടി.ആർ. സാനാറാം, സോഷ്യൽ വർക്കർ ഷിജീനാ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post