തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ പരസ്യങ്ങൾ: മെറ്റക്കെതിരെ അന്വേഷണവുമായി ഇ യു
ബ്രസ്സൽസ് | തിരഞ്ഞെടുപ്പ് കാലത്തെ തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ പരസ്യങ്ങൾ സംബന്ധിച്ച് മെറ്റക്ക് യൂറോപ്യൻ യൂനിയന്റെ (ഇ യു) നോട്ടീസ്. മെറ്റയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിൽ രാഷ്ട്രീയ പരസ്യങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് യൂറോപ്യൻ കമ്മീഷന്റെ ഇടപെടൽ.
ജൂണിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. യൂറോപ്യൻ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തിൽ പൊതുജനാഭിപ്രായം രൂപവത്കരിക്കാനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനും റഷ്യ ശ്രമം നടത്തുന്നെന്ന ആക്ഷേപം നിലനിൽക്കെയാണ് നോട്ടീസ്. തിരഞ്ഞെടുപ്പ് പരസ്യങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ മെറ്റയുടെ നിരീക്ഷണം അപര്യാപ്തമാണെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ ഇടപെടൽ.