നിയമം പാസ്സാക്കി; അൽ ജസീറ നിരോധിക്കാൻ ഇസ്റാഈൽ

നിയമം പാസ്സാക്കി; അൽ ജസീറ നിരോധിക്കാൻ ഇസ്റാഈൽ
ജറൂസലേം | അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ നിരോധിക്കുന്നതിനായി പാർലിമെന്റിൽ പ്രത്യേക നിയമം പാസ്സാക്കി ഇസ്റാഈൽ. ബില്ല് ഉടൻ തന്നെ പാസ്സാക്കാൻ സെനറ്റിന് നിർദേശം നൽകിയ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അൽ ജസീറ അടച്ചുപൂട്ടാൻ ഉടൻ നടപടിയെടുക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. രാജ്യസുരക്ഷക്ക് ഭീഷണിയായ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ പ്രധാനമന്ത്രിക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമം.
ടൈംസ് ഓഫ് ഇസ്റാഈലിനെയും എ എഫ് പിയേയും ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപോർട്ട് ചെയ്തിരിക്കുന്നത്. 70-പത്ത് വോട്ട് നിലയിലാണ് നിയമം പാസ്സാക്കിയത്.

വിദേശ ചാനലുകളുടെ ഓഫീസുകൾ നിരോധിക്കുന്നതിനുള്ള അധികാരവും നിയമം സർക്കാറിന് നൽകുന്നു. അൽ ജസീറ ഇസ്റാഈലിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിച്ചു. ഒക്ടോബർ ഏഴിന് നടന്ന കൂട്ടക്കൊലയിൽ പങ്കാളികളായി. ഹമാസിനെ പിന്തുണക്കുന്നവരെ നമ്മുടെ നാട്ടിൽ നിന്ന് നീക്കം ചെയ്യാൻ സമയമായിരിക്കുന്നു. ഭീകരവാദ ചാനലായ അൽ ജസീറ ഇനി ഇസ്റാഈലിൽ നിന്ന് സംപ്രേഷണം ചെയ്യില്ല. ചാനലിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി പുതിയ നിയമപ്രകാരം ഉടൻ പ്രവർത്തിക്കണമെന്ന് നിർദേശിക്കുന്നു- നെതന്യാഹു ട്വിറ്ററിൽ കുറിച്ചു.

ഗസ്സയിലെ ഇസ്റാഈൽ നടപടികളെ കുറിച്ച് വാർത്തകൾ നൽകുന്നെന്ന് ആരോപിച്ച് അൽ ജസീറ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ നെതന്യാഹു ഏറെ നാളായി ശ്രമിക്കുന്നുണ്ട്. എന്നാൽ സത്യം മറച്ചുപിടിക്കാനുള്ള നീക്കമാണിതെന്ന് ആരോപിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ച് രംഗത്തെത്തി.
Previous Post Next Post