കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗണ്‍സില്‍ ഇന്നും നാളെയും
കോഴിക്കോട് | കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗണ്‍സില്‍ ഇന്നും നാളെയും മലപ്പുറം തിരൂര്‍ കൂട്ടായി സീ സോണ്‍ റിസോര്‍ട്ടില്‍ നടക്കും. യൂനിറ്റ് മുതല്‍ ജില്ലാ തലം വരെ വാര്‍ഷിക കൗണ്‍സില്‍ പൂര്‍ത്തീകരിച്ച ശേഷമാണ് നീലഗിരി ഉള്‍പ്പെടെ 15 ജില്ലകളിലെ പ്രധാന ഭാരവാഹികളും തിരഞ്ഞെടുക്കപ്പെട്ടവരും സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും മറ്റ് കീഴ്ഘടക ഭാരവാഹികളുമടങ്ങുന്ന കൗണ്‍സില്‍ ചേരുന്നത്.
വരും വര്‍ഷത്തെ പദ്ധതികള്‍ക്ക് കൗണ്‍സില്‍ രൂപം നല്‍കും. സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഹജ്ജ് വഖ്ഫ് കാര്യ മന്ത്രി വി അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞകാല പദ്ധതി പ്രവര്‍ത്തനങ്ങളുടെ അവലോകനം, ഘടക പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, വരും വര്‍ഷ പദ്ധതി രേഖകളിലുള്ള ചര്‍ച്ചകള്‍, നയ സമീപന രേഖയുടെ വിലയിരുത്തല്‍ എന്നിവ പ്രധാന അജന്‍ഡയാണ്.