അൽ അഖ്‌സ ആശുപത്രി പരിസരത്ത് വീണ്ടും ഇസ്റാഈൽ കൂട്ടക്കുരുതി

അൽ അഖ്‌സ ആശുപത്രി പരിസരത്ത് വീണ്ടും ഇസ്റാഈൽ കൂട്ടക്കുരുതി
ഗസ്സ | അൽ അഖ്‌സ ആശുപത്രി പരിസരത്ത് മാധ്യമ പ്രവർത്തകരുടെയും കുടിയിറക്കപ്പെട്ടവരുടെയും കൂടാരങ്ങൾക്ക് നേരെ ഇസ്റാഈൽ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി മാധ്യമ പ്രവർത്തകർക്കും സാധാരണക്കാർക്കും പരുക്കേറ്റിട്ടുണ്ട്.
ആശുപത്രി ഇടനാഴി ലക്ഷ്യമിട്ട് നേരിട്ടുള്ള ആക്രമണമാണ് ഇസ്റാഈൽ നടത്തിയതെന്ന് അൽ അഖ്‌സ ആശുപത്രി വക്താവ് ഖാലിദ് അൽ ദക്രാൻ പറഞ്ഞു. ഇസ്റാഈൽ പോർവിമാനങ്ങൾ വീണ്ടും ബോംബ് വർഷിക്കാൻ തുടങ്ങിയത് രോഗികളെയും ജീവനക്കാരെയും സന്നദ്ധ പ്രവർത്തകരെയും പരിഭ്രാന്തിയിലാക്കി. ഇവർക്ക് സംരക്ഷണമുറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും ദക്രാൻ ആവശ്യപ്പെട്ടു.
നിരവധി ഫലസ്തീനികൾ അഭയം തേടിയ അൽ അഖ്‌സ ആശുപത്രി പരിസരത്തെ രണ്ട് കൂടാരങ്ങൾ ലക്ഷ്യമിട്ട് രണ്ട് വ്യോമാക്രമണമാണ് നടന്നത്. രണ്ട് കൂടാരങ്ങളും അടുത്തടുത്താണെന്നതിനാൽ അപകടതീവ്രത വർധിച്ചു. മൃതദേഹങ്ങൾ ചിന്നിച്ചിതറി തിരിച്ചറിയാൻ പറ്റാത്ത രീതിയിലായതിനാൽ എത്ര പേരാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല.
അൽ അഖ്സ പരിസരത്തെ ആക്രമണം ഇസ്റാഈൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 77 പേർ കൊല്ലപ്പെടുകയും 108 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഗസ്സയിൽ ഇസ്റാഈലിന്റെ ആറാം മാസത്തേക്ക് നീളുന്ന ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 32,782 ആയും പരുക്കേറ്റവരുടെ എണ്ണം 75,298 ആയും ഉയർന്നു.
സമാധാനം വേണമെന്ന് മാർപാപ്പ
റോം | ഗസ്സ വെടിനിർത്തലിന് ഈസ്റ്റർ പ്രസംഗത്തിൽ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും തടവിലാക്കപ്പെട്ട മുഴുവൻ ആളുകളെയും മോചിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. “ഗസ്സയിൽ മാനുഷിക സഹായത്തിനുള്ള പ്രവേശനം ഉറപ്പാക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർഥിക്കുന്നു. കുട്ടികളുടെ കണ്ണുകളിൽ എത്രമാത്രം ദുരിതമാണ് കാണാൻ കഴിയുന്നത്. യുദ്ധമേഖലയിൽ കുട്ടികൾ പുഞ്ചിരിക്കാൻ മറന്നിരിക്കുന്നു. കുട്ടികൾ അവരുടെ കണ്ണുകളിലൂടെ ചോദിക്കുന്നുണ്ട്: എന്തിനാണ് ഈ യുദ്ധം? എന്തിനാണ് ഈ മരണം? എന്തിനാണ് ഈ നശീകരണം? യുദ്ധം എന്നും അർഥശൂന്യവും പരാജയവുമാണ്’- സെന്റ്പീറ്റേഴ്‌സ് ചത്വരത്തിൽ കുർബാനക്ക് നേതൃത്വം നൽകി “ഉർബി എറ്റ് ഓർബി’ (നഗരത്തിനും ലോകത്തിനും) എന്ന അനുഗ്രഹ ഭാഷണത്തിൽ മാർപാപ്പ പറഞ്ഞു.
Previous Post Next Post