പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ വാടാനപ്പള്ളി സ്വദേശി അറസ്റ്റിൽ

പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ വാടാനപ്പള്ളി സ്വദേശി അറസ്റ്റിൽ

പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കേസിൽ തൃശൂർ സ്വദേശിയായ യുവാവിനെ തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി, കാരമുക്ക് കൊള്ളന്നൂർ വീട്ടിൽ സിബിൻ കെ. വർഗീസി(33)നെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് ഇൻസ്പെക്ടർ എസ്എച്ച്ഒ കെ.പി ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
വയനാട് സ്വദേശികളിൽനിന്നു മൂന്ന് ലക്ഷം രൂപ തട്ടിയ കേസിലാണ് സിബിൻ അറസ്റ്റിലായത്.തലപ്പുഴ, പേര്യ സ്വദേശിയായ മധ്യവയസ്‌കന്റെയും ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവേ വിദേശത്തായിരുന്ന പ്രതി തിരികെ നാട്ടിലെത്തി തിരിച്ചു പോകുമ്പോഴാണു പിടിയിലാകുന്നത്.

2023 ഓഗസ്റ്റിലാണ് ഇയാൾ പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്. ജോലി വാഗ്ദാനം ചെയ്ത് തലപ്പുഴ, പേര്യ സ്വദേശിയിൽനിന്ന് 2,50,622 രൂപയും ഇദ്ദേഹത്തിന്റെ സുഹൃത്തിൽനിന്ന് 50,000 രൂപയും പല തവണകളായി സിബിൻ കെ. വർഗീസ് വാങ്ങിയെങ്കിലും ജോലി തരപ്പെടുത്തി കൊടുക്കുകയോ വാങ്ങിയ തുക തിരികെ നൽകുകയോ ചെയ്തില്ല എന്നായിരുന്നു പരാതി. തലപ്പുഴ സബ് ഇൻസ്പെക്ടർ എസ്‌പി. ഷിബു, അസി. സബ് ഇൻസ്പെക്ടർ ഷൈജു, സിവിൽ പൊലീസ് ഓഫിസറായ രാജേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Previous Post Next Post