മദ്യനയ അഴിമതിക്കേസ്; കെജ്രിവാളിന്റെ ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മദ്യനയ അഴിമതിക്കേസ്; കെജ്രിവാളിന്റെ ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി| മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹരജിയെ എതിര്‍ത്ത് ഇഡി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. മാപ്പ് സാക്ഷികളായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അറസ്റ്റ് നിയമ വിരുദ്ധമാണെന്നാണ് കെജ്രിവാളിന്റെ വാദം.

മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 28 വരെയായിരുന്നു കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടത്. പിന്നീട് കസ്റ്റഡി ഏപ്രില്‍ ഒന്ന് വരെ നീട്ടുകയായിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതോടെയാണ് റോസ് അവന്യൂ കോടതി കേസ് വീണ്ടും പരിഗണിച്ചത്.

കേസില്‍ ഇഡി കസ്റ്റഡിയിലെടുത്ത അരവിന്ദ് കെജ്രിവാളിനെ തിഹാര്‍ ജയിലിലേക്ക് മാറ്റി. തിങ്കളാഴ്ചയാണ് ഡല്‍ഹി റോസ് അവന്യൂ കോടതി കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിട്ടുകൊണ്ട് ഉത്തരവിട്ടത്. ഏപ്രില്‍ 15 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡി. കെജ്രിവാളിനെ തിഹാര്‍ ജയിലിലേക്ക് എത്തിച്ചതോടെ എ എപി പ്രവര്‍ത്തകര്‍ ജയിലിന് പുറത്ത് പ്രതിഷേധവുമായെത്തി.
Previous Post Next Post