ഇസ്റാഈൽ അധിനിവേശം: വിദ്യാർഥി പ്രതിഷേധം പടരുന്നു; വ്യാപക അറസ്റ്റ്
വാഷിംഗ്ടൺ | ഗസ്സയിലെ ഇസ്‌റാഈൽ അധിനിവേശത്തിനെതിരെ യു എസിൽ വിദ്യാർഥി പ്രക്ഷോഭം പടരുന്നു. ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ തുടങ്ങിയ പ്രക്ഷോഭം രാജ്യത്തെ വിവിധ സർവകലാശാലകൾക്ക് പുറമേ ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചു.
യു എസിലെ വിവിധ സർവകലാശാലകളിൽ പ്രക്ഷോഭത്തെ തുടർന്ന് നൂറുകണക്കിന് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. ഇസ്‌റാഈലിന് യു എസ് നൽകുന്ന സൈനിക സഹായം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ക്യാമ്പസുകളിൽ കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയത്. വിദ്യാർഥികളെ ഒഴിപ്പിക്കാൻ പലയിടത്തും കണ്ണീർവാതകവും ഇലക്ട്രിക് ലാത്തിയും പ്രയോഗിച്ചു. ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ സർവകലാശാലയിൽ പ്രതിഷേധ ക്യാമ്പ് ഒഴിപ്പിക്കാനെത്തിയ പോലീസ് നൂറിലധികം വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരുടെ ടെന്റുകൾ പോലീസ് ബലംപ്രയോഗിച്ച് നീക്കി. വിദ്യാർഥി പ്രക്ഷോഭം അക്രമാസക്തമാക്കുന്നതിനായി പുറമേ നിന്ന് ചിലർ നുഴഞ്ഞുകയറിയതായും ആരോപണമുണ്ട്.
ബ്ലൂമിംഗ്ടണിലെ ഇന്ത്യാന സർവകലാശാലയിൽ പ്രതിഷേധക്കാരുടെ ക്യാമ്പ് തകർത്ത പോലീസ് 23 വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. അനധികൃതമായി പ്രതിഷേധിച്ചുവെന്ന് ആരോപിച്ച് അരിസോണ സ്റ്റേറ്റ് യുനിവേഴ്‌സിറ്റിയിൽ (എ എസ് യു) കടന്നുകയറിയ പോലീസ് 69 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. വിദ്യാർഥികളും ജീവനക്കാരും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സെയിന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂനിവേഴ്‌സിറ്റിയിൽ പ്രതിഷേധിച്ച 80 പേർ അറസ്റ്റിലായി. യു എസ് പ്രസിഡന്റ്തിരഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടി നോമിനിയും ആക്ടിവിസ്റ്റുമായ ജിൽ സ്റ്റെയിനും അറസ്റ്റിലായവരിൽ ഉൾപ്പെടും. പ്രതിഷേധം അടിച്ചമർത്താൻ സർവകലാശാലാ അധികൃതർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കൊളംബിയ സർവകലാശാലയിൽ മാത്രം നൂറിലേറെ പേരാണ് അറസ്റ്റിലായത്.