വിസ്താര വിമാനക്കമ്പനിയുടെ പ്രവര്‍ത്തനം താളംതെറ്റി; വൈകിയതും റദ്ദാക്കിയതും നൂറിലേറെ സര്‍വീസുകള്‍

വിസ്താര വിമാനക്കമ്പനിയുടെ പ്രവര്‍ത്തനം താളംതെറ്റി; വൈകിയതും റദ്ദാക്കിയതും നൂറിലേറെ സര്‍വീസുകള്‍
ന്യൂഡല്‍ഹി: ഗുഡ്ഗാവ് ആസ്ഥാനമായുള്ള ഇന്ത്യന്‍ വിമാന കമ്പനി വിസ്താരയുടെ പ്രവര്‍ത്തനം താറുമാറായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നൂറിലേറെ വിമാന സര്‍വീസുകളാണ് വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തത്. കമ്പനിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാലാണ് ഇത് സംഭവിച്ചതെന്ന് വിസ്താര പ്രതികരിച്ചു.
'കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞങ്ങളുടെ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്തു. വിമാന ജീവനക്കാരുടെ അഭാവം ഉള്‍പ്പെടെ ഞങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാലാണ് ഇത് സംഭവിച്ചത്. ഇതുകാരണം ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യം ഞങ്ങള്‍ മനസിലാക്കുന്നു. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനായി ഞങ്ങളുടെ സംഘം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.' -വിസ്താരയുടെ വക്താവ് പറഞ്ഞു.

താത്കാലികമായി വിമാന സര്‍വീസുകളുടെ എണ്ണം കുറയ്ക്കുകയാണെന്നും വിസ്താര അറിയിച്ചു. പകരമായി യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങളില്‍ യാത്ര വാഗ്ദാനം ചെയ്യുകയോ അല്ലെങ്കില്‍ പണം തിരികെ നല്‍കുകയോ ചെയ്യുമെന്നും അവര്‍ അറിയിച്ചു. ബുദ്ധിമുട്ട് നേരിട്ട ഉപഭോക്താക്കളോട് മാപ്പുചോദിക്കുന്നതായും എല്ലാം ഉടന്‍ പഴയപടിയാകുമെന്നും വിസ്താര അറിയിച്ചു.

പൈലറ്റുമാർ ജോലിക്കെത്താത്തതാണ് വിസ്താരയിലെ പ്രതിസന്ധിക്ക് കാരണമെന്ന് വ്യോമയാനമേഖലയിലെ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ദീര്‍ഘമായ ജോലിസമയമാണ് പൈലറ്റുമാര്‍ ഡ്യൂട്ടി ചെയ്യാന്‍ വിസമ്മതിക്കുന്നതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി യാത്രക്കാര്‍ വിസ്താരയുടെ പ്രശ്നം സാമൂഹിക മാധ്യമങ്ങളില്‍ ഉന്നയിക്കുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
Previous Post Next Post