ടിടിഇ വിനോദിന് അന്ത്യോപചാരമര്‍പ്പിച്ച് ആയിരങ്ങൾ, കണ്ണീരോടെ വിട

ടിടിഇ വിനോദിന് അന്ത്യോപചാരമര്‍പ്പിച്ച് ആയിരങ്ങൾ, കണ്ണീരോടെ വിട
 കൊച്ചി : ട്രെയിനിൽ ടിക്കറ്റ് ചോദിച്ചതിന് യാത്രക്കാരൻ തള്ളിയിട്ട് കൊന്ന ടിടിഇ വിനോദിന് അന്ത്യോപചാരമര്‍പ്പിച്ച് ആയിരങ്ങൾ. മൃതദേഹം മഞ്ഞുമ്മലിലെ വീട്ടിലെത്തിച്ചപ്പോൾ വികാരഭരിതമായാണ് ബന്ധുക്കളും സുഹൃത്തുക്കളും സ്വീകരിച്ചത്. അവസാനമായി വിനോദിനെ ഒന്ന് കാണാനും അന്തിമോപചാരം അർപ്പിക്കാനും നിരവധിപ്പേര്‍ വീട്ടിലേക്ക് എത്തിയിരുന്നു. അന്തിമോപചാരത്തിന് ശേഷം മൃതദേഹം ഏലൂർ  പൊതുശ്മശാനത്തിൽ സംസ്കരിച്ചു.


വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടുകൊന്ന പ്രതിക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തത്. കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി പ്രതി രജനികാന്ത് വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടെന്നും  തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത്. 

സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് ടിടിഇ വിനോദിന് നേരിടേണ്ടിവന്നത്. ഇന്നലെ രാത്രി 7 മണിയോടെയാണ് എറണാകുളം പട്ന എക്സ്പ്രസ്സിൽ അരുംകൊല നടന്നത്. ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തിൽ പ്രതി രണ്ട് കൈകളും ഉപയോഗിച്ച് വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. എസ് 11 കോച്ചിന്റെ വലതുഭാഗത്തെ വാതിലിന് സമീപം നിന്നിരുന്ന വിനോദ് വീണത് എതിർവശത്തെ ട്രാക്കിൽ. അതിലൂടെ വന്ന ട്രെയിൻ കയറിയാണ് കലാകാരൻ കൂടിയായ വിനോദിന്റെ ദാരുണാന്ത്യം. തലയ്ക്ക് ഏറ്റ ആഴത്തിലുള്ള പരിക്കാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. അപകടത്തിൽ വിനോദിന്റെ കാലുകൾ അറ്റുപോയി.
Previous Post Next Post