കൊച്ചിൻ ദേവസ്വം ബോർഡ് കുളശേരി ദേവസ്വം ഓഫീസർ സ്വന്തം ഗൂഗിൾ പേ നമ്പരിലൂടെ വഴിപാട് പണം തട്ടി;
സ്വന്തം ഗൂഗിൾപേ നമ്പര് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ച് വഴിപാട് പണം തട്ടിയെടുത്തതായി കൊച്ചിൻദേവസ്വം ബോർഡിന്റെ കീഴിലുള്ള തൃശൂർ കുളശേരി ദേവസ്വം ഓഫീസർക്കെതിരെ വിജിലൻസ് കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനും ശുപാർശ ചെയ്ത് ബോർഡിന്റെ വിജിലൻസ് വിഭാഗം റിപ്പോർട്ട് നൽകി. നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ച നമ്പരിലെ സംശയത്തെ തുടർന്നുള്ള പരാതിയിലാണ് ബോർഡ് വിജിലൻസ് വിഭാഗം അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ ദേവസ്വം കുളശ്ശേരി ദേവസ്വം ഓഫീസറായിരുന്ന സന്തോഷ് തൻ്റെ സ്വന്തം ഫോൺ നമ്പർ ബോർഡിൽ പ്രദർശിപ്പിച്ച് ഗൂഗിൾ പേ വഴി ഭക്തരിൽ നിന്നും വഴിപാട് പണം സ്വീകരിച്ചിട്ടുള്ളതായും തുക കൃത്യമായി ദേവസ്വം അക്കൗണ്ടിൽ അടക്കുന്നതിൽ വീഴ്‌ച വരുത്തിയെന്നുമാണ് വിജിലൻസ് കണ്ടെത്തൽ. സന്തോഷ് ഹാജരാക്കിയ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റും ജി പേ ഡയറിയും ക്യാഷ് ബുക്കും ഒത്തു നോക്കിയതിൽ ക്രമക്കേട് കണ്ടെത്തിയെന്ന് ചീഫ് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗൂഗിൾ പേ അക്കൗണ്ട്, ബന്ധപ്പെട്ട വഴിപാട് രജിസ്റ്ററുകൾ എന്നിവ ദേവസ്വം ഓഡിറ്റ് വിഭാഗത്തെ കൊണ്ട് അടിയന്തിരമായി ഓഡിറ്റ് നടത്തേണ്ടതാണെന്നും നിലവിൽ ഗൂഗിൾ പേ അക്കൗണ്ടിൽ ദേവസ്വം വിജിലൻസ് വിഭാഗത്തിന് കൂടുതൽ ആഴത്തിൽ അന്വേഷണം നടത്തുന്നതിനോ, രേഖകൾ ബാങ്ക് പരിശോധിക്കുന്നതിനോ സാധ്യമല്ലാത്തതിനാൽ ഈക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിനായി ലോക്കൽ പോലീസുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ചീഫ് വിജിലൻസ് ഓഫീസർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗൂഗിൾ പേ അക്കൗണ്ട്, ബന്ധപ്പെട്ട വഴിപാട് രജിസ്റ്ററുകൾ, റെമിറ്റൻസ് എന്നിവ ദേവസ്വം ഓഡിറ്റ് വിഭാഗത്തെ കൊണ്ട് അടിയന്തിരമായി ഓഡിറ്റ് നടത്താൻ നിർദേശിച്ചിട്ടുണ്ട്. വിജിലൻസ് ഓഫീസറുടെ ശുപാർശ പ്രകാരം തുടർനടപടികൾ സ്വീകരിക്കുന്നതിന് ദേവസ്വം കമ്മീഷ്‌ണറെ ചുമതലപ്പെടുത്തി