തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കോണ്‍ഗ്രസിനെതിരെ ഉടന്‍ നടപടിയെടുക്കില്ല; ആദായ നികുതി വകുപ്പ്
ന്യൂഡല്‍ഹി| ലോക്‌സഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കോണ്‍ഗ്രസിനെതിരെ ഉടന്‍ നടപടിയെടുക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീംകോടതിയില്‍. 3567 കോടി രൂപ ആദായ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് അയച്ചിരുന്നു. നോട്ടീസ് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹരജിയിലാണ് ആദായ നികുതി വകുപ്പ് നിലപാട് അറിയിച്ചത്.
തിരഞ്ഞെടുപ്പ് കണക്കിലെടുത്തും രാഷ്ട്രീയ പാര്‍ട്ടി എന്ന പരിഗണനയും വച്ചാണ് ഉടന്‍ നടപടികളിലേക്ക് കടക്കാത്തതെന്ന് ആദായ നികുതി വകുപ്പിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ആദായ നികുതി വകുപ്പിന്റെ നിലപാടിനെ കോണ്‍ഗ്രസിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിങ്വി സ്വാഗതം ചെയ്തു.