തൃശൂർ കോർപ്പറേഷൻ യോഗത്തിൽ പ്രതിപക്ഷത്തിന്റെ വോട്ടെടുപ്പ് ആവശ്യം ആദ്യമായി മിനുട്സിൽ
തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഉയരുന്ന വോട്ടെടുപ്പ് ആവശ്യം ആദ്യമായി മിനുട്സിൽ ഇടം നേടി. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ചേർന്ന കൗൺസിൽ യോഗത്തിൽ എട്ടാമത്തെ അജണ്ടയിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടതാണ് കൗൺസിൽ മിനുട്സ് പുസ്തകത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കൗൺസിലർമാർക്ക് മുൻ കൗൺസിൽ യോഗത്തിന്റെ പകർപ്പ് നൽകിയതിലാണ് വോട്ടെടുപ്പ് ആവശ്യം പ്രതിപക്ഷം ഉന്നയിച്ചത് ഉൾപ്പെട്ടത്. കേവല ഭൂരിപക്ഷമില്ലാത്ത ഭരണസമിതിയെ വെട്ടിലാക്കാൻ പ്രതിപക്ഷത്തിന്റെ പ്രധാന ആയുധമാണ് വോട്ടിനിടൽ. എന്നാൽ ബഹളമുണ്ടാക്കിയും മറ്റ് കാരണങ്ങളുണ്ടാക്കിയും സാധാരണ കൗൺസിൽ പിരിച്ചുവിട്ട് തടിതപ്പുകയാണ് കഴിഞ്ഞ കാലങ്ങളിൽ പതിവ്. തദ്ദേശവകുപ്പിന് പരാതിയും ഹൈക്കോടതി വരെയെത്തിയതുമാണ് പ്രതിപക്ഷത്തിന്റെ വോട്ടിനിടൽ ആവശ്യം. എട്ട് വർഷമായുള്ള രണ്ട് ഇടത് ഭരണ സമിതികളും കേവല ഭൂരിപക്ഷമില്ലാതെയാണ് തുടർഭരണം. ഈ കാലഘട്ടത്തിൽ ആദ്യമായാണ് മിനുട്സ് പുസ്തകത്തിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടെന്ന് രേഖപ്പെടുത്തേണ്ടി വന്നതെന്നും പ്രതിപക്ഷത്തിന്റെ വിജയമാണെന്നും കോൺഗ്രസ് കൗൺസിലർ ജോൺ ഡാനിയൽ പറഞ്ഞു. വഞ്ചികുളം ഫെസ്റ്റ് നടത്തിയതിന്റെ വരവ് ചെലവ് കണക്കുകൾ സംബന്ധിച്ച അജണ്ട പരിഗണിച്ചപ്പോൾ കൗൺസിൽ അറിയാതെ ഫെസ്റ്റ് നടത്തിയതിലും അനുമതി തേടാത്തതിലും പ്രതിപക്ഷം എതിർപ്പ് പറഞ്ഞിരുന്നു. കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്ന ഏതെങ്കിലും ഒരു അംഗം അജണ്ടയിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടാൽ ആ അജണ്ട വോട്ടിന് ഇടണമെന്നാണ് ചട്ടം. ഇത് കാലങ്ങളായി ഭരണ സമിതികളുടെ മേയർമാർ നിരാകരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ രേഖാ മൂലം കോർപ്പറേഷൻ സെക്രട്ടറിക്ക് കൗൺസിലർ ജോൺ ഡാനിയൽ കത്ത് കൊടുത്തത് ഇപ്പോഴത്തെ സെക്രട്ടറി പരിഗണിച്ചതാണ് മിനുട്സിൽ വോട്ടെടുപ്പ് ആവശ്യപെട്ടത് രേഖപ്പെടുത്തേണ്ടി വന്നത്. അജണ്ടകളിൽ ചട്ടം പാലിച്ചുള്ള നടപടി ക്രമങ്ങൾ മേയർ പാലിക്കുന്നില്ല എന്നതിന് തെളിവാണ് വോട്ടെടുപ്പ് ആവശ്യം ഉന്നയിച്ചിട്ടും അത് പരിഗണിക്കാതെ പോയത് കോർപ്പറേഷൻ സെക്രട്ടറിക്ക് അത് മിനുട്സിൽ രേഖപ്പെടുത്തേണ്ടി വന്നത്. മേയർ നിരന്തരം നടത്തുന്ന നഗ്നമായ ചട്ട ലംഘനം ബന്ധപ്പെട്ടവർക്ക് പരാതിയായി നൽകുമെന്നും ജോൺ ഡാനിയൽ പറഞ്ഞു.