വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്കെതിരായ ശാരീരികാതിക്രമം; ദീപക് ശര്‍മ്മയെ സസ്‌പെന്‍ഡ് ചെയ്ത് എഐഎഫ്എഫ്

വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്കെതിരായ ശാരീരികാതിക്രമം; ദീപക് ശര്‍മ്മയെ സസ്‌പെന്‍ഡ് ചെയ്ത് എഐഎഫ്എഫ്
 
ന്യൂഡല്‍ഹി: വനിതാ ഫുട്‌ബോള്‍ താരങ്ങളെ ശാരീരികമായി ഉപദ്രവിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ ദീപക് ശര്‍മ്മയെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) സസ്‌പെന്‍ഡ് ചെയ്തു. വനിതാ താരങ്ങളുടെ പരാതിയില്‍ എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ദീപക് ശര്‍മ്മയെ ഗോവന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എഐഎഫ്എഫും നടപടി സ്വീകരിച്ചത്.

ഗോവയില്‍ നടന്ന ഇന്ത്യന്‍ വനിതാ ലീഗിനിടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ദീപക് ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി വനിതാ ഫുട്‌ബോള്‍ താരങ്ങളെ മര്‍ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ആരോപണം. ഇതേതുടര്‍ന്ന് രണ്ട് വനിതാ താരങ്ങള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മാര്‍ച്ച് 28-നായിരുന്നു സംഭവം.

വിഷയത്തില്‍ അതിവേഗം നടപടിയെടുക്കാന്‍ കേന്ദ്ര കായികമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഹിമാചല്‍ പ്രദേശ് ആസ്ഥാനമായുള്ള ഖാദ് എഫ്സിയിലെ രണ്ട് വനിതാ താരങ്ങളാണ് എഐഎഫ്എഫിനും ഗോവ ഫുട്‌ബോള്‍ അസോസിയേഷനും പരാതി നല്‍കിയത്. ഹിമാചല്‍ പ്രദേശ് ഫുട്ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് ഇയാള്‍. ഔദ്യോഗികമായി ലഭിച്ച പരാതിയെ തുടര്‍ന്ന് ദീപക്കിനെ ശനിയാഴ്ച ചോദ്യം ചെയ്യലിനായി മപുസ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്. മുറിവേല്‍പ്പിക്കല്‍, സ്ത്രീക്ക് നേരെ ബലപ്രയോഗം നടത്തല്‍, മറ്റ് കുറ്റങ്ങള്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് മപുസ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സന്ദേശ് ചോദങ്കര്‍ പറഞ്ഞു.
Previous Post Next Post