ഇന്ന് എസ് എസ് എഫ് സ്ഥാപകദിനം

ഇന്ന് എസ് എസ് എഫ് സ്ഥാപകദിനം
കോഴിക്കോട് | ഇന്ന് എസ് എസ് എഫ് സ്ഥാപകദിനം. ധാർമിക വിപ്ലവത്തിന്റെ തീക്ഷ്‌ണ സമരങ്ങളിൽ ജ്വലിച്ച വിദ്യാർത്ഥി സംഘമായ എസ് എസ് എഫിന് 52 തികയുന്നു. ഗസ്സ ഉൾപ്പെടെ ലോകത്തെ വിവിധ ദേശങ്ങളിൽ മർദിതരായി കഴിയുന്ന മനുഷ്യർക്കൊപ്പം നിന്നും ലോകത്തെ വിവിധ ക്യാമ്പസുകളിൽ നടക്കുന്ന അധിനിവേശ വിരുദ്ധ സമരങ്ങൾക്കും സമാധാന ശ്രമങ്ങൾക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണ് ഈ വർഷത്തെ സ്ഥാപകദിനം ആചരിക്കുന്നത്.

വിദ്യാർത്ഥിത്വം കെട്ട് പോകേണ്ട ചാരമല്ലെന്നും ജീവിക്കാനുള്ള വഴിയും മൂർച്ചയുള്ള ആശയമാണെന്നും ഉച്ചത്തിൽ പറയാനാണ് ഈ സ്ഥാപക ദിനത്തിൽ എസ് എസ് എഫ് ശ്രമിക്കുന്നത്. തങ്ങളുടേതല്ലാത്ത പല കാരണങ്ങളിൽ തുറന്ന ജയിലുകളിലടക്കപ്പെട്ട് ചോര പുതഞ്ഞ് കിടക്കുന്ന അനേകം സമൂഹങ്ങളുടെ ചെറുത്ത് നിൽപുകൾക്ക് എസ് എസ് എഫ് ഐക്യ ദാർഢ്യം പ്രഖ്യാപിക്കും.

ഗസ്സയിലെ ക്രൂരമായ നര ഹത്യകൾക്കെതിരെ അമേരിക്കൻ ക്യാമ്പസുകൾ പടർത്തുന്ന ആശയ സമരങ്ങളെ സംഘടന പിന്തുണക്കുന്നു. സമാധാനമുള്ള സമൂഹത്തിന്റെ സ്ഥാപനം ലോകത്തിന്റെ അടിസ്ഥാന താല്പര്യമാകണമെന്ന് എസ് എസ് എഫ് ആഗ്രഹിക്കുന്നു. സ്ഥാപക ദിനത്തിന്റെ ഭാഗമായി വിപുലമായ പദ്ധതികൾ സംഘടന നടപ്പിലാക്കുന്നുണ്ട്.

രാവിലെ യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രവർത്തകരുടെയും പ്രസ്ഥാന നേതാക്കളുടെയും മുൻകാല ഭാരവാഹികളുടെയും നേതൃത്വത്തിൽ പതാക ഉയർത്തി. സ്ഥാപകദിനത്തിന്റെ ഭാഗമായി 7500 കേന്ദ്രങ്ങളിൽ പ്രകടനം നടക്കും. സെക്ടർ കമ്മിറ്റികളുടെ നേതൃത്വത്തിൽ 690 ടൗണുകളിൽ തെളിനീർ തണൽ എന്ന പേരിൽ ദാഹജലവിതരണവും നടക്കുന്നുണ്ട്.

120 ഡിവിഷൻ കേന്ദ്രങ്ങളിൽ ജനറേഷൻ ഡയലോഗ് പ്രവർത്തക സംഗമങ്ങൾക്ക് വൈകിട്ട് തുടക്കമാകും. മെയ്‌ മാസം നടക്കാനിരിക്കുന്ന സെക്ടർ സോഷ്യൽ അസംബ്ലിയുടെ ഭാഗമായി രൂപവത്കരിച്ച ഇസ്സ കോഡ് അംഗങ്ങളുടെ റാലിയോടെയാണ് പരിപാടികൾ ആരംഭിക്കുക. ഇസ്സ കോഡ് അംഗങ്ങളുടെ പ്രഖ്യാപനത്തിന് കൂടി ജനറേഷൻ ഡയലോഗ് വേദിയാകും. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ എസ് എസ് എഫ് ദേശീയ, സംസ്ഥാന ഭാരവാഹികളും പ്രസ്ഥാന നേതാക്കളും സംസാരിക്കും.

ജനറേഷൻ ഡയലോഗിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ആലോചന സംഗമം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡന്റുമാരായ എ കെ സി മുഹമ്മദ്‌ ഫൈസി, എം വി സിദ്ദീഖ് സഖാഫി, എൻ എം സ്വാദിഖ്‌ സഖാഫി, ഡോ. മുഹമ്മദ്‌ ഫാറൂഖ്‌ നഈമി, കെ വൈ നിസാമുദ്ദീൻ ഫാളിലി, മുൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മുഹമ്മദ്‌ പറവൂർ, എം മുഹമ്മദ്‌ സ്വാദിഖ്‌, കെ അബ്ദുൽ കലാം, എം അബ്ദുൽ മജീദ്, അശ്ഹർ പത്തനംതിട്ട, സി എൻ ജാഫർ സ്വാദിഖ്‌ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post