വാംഖഡെയില്‍ കയറി മുംബൈയെ പഞ്ഞിക്കിട്ട് സഞ്ജുവും പിള്ളേരും; ഹാര്‍ദിക്കിന് വീണ്ടും ഹാര്‍ഡ് അനുഭവം

വാംഖഡെയില്‍ കയറി മുംബൈയെ പഞ്ഞിക്കിട്ട് സഞ്ജുവും പിള്ളേരും; ഹാര്‍ദിക്കിന് വീണ്ടും ഹാര്‍ഡ് അനുഭവം
മുംബൈ: സ്വന്തം ഗ്രൗണ്ടായ വാംഖഡെയിലും മുംബൈ ഇന്ത്യന്‍സിന് രക്ഷയില്ല. ആദ്യ ജയം പ്രതീക്ഷിച്ചിറങ്ങിയ മുംബൈക്ക് സീസണിലെ മൂന്നാം തോല്‍വി. ടോസ് ആനുകൂല്യം നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് കളഞ്ഞ് 125 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 15.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് നേടി.
കഴിഞ്ഞ കളിയിലെ രാജസ്ഥാന്റെ രക്ഷകനായ റിയാന്‍ പരാഗ് തന്നെയാണ് ഇത്തവണയും തുണച്ചത്. പതിനാറാം ഓവറിലെ അവസാന മൂന്ന് പന്തുകളില്‍ രണ്ട് സിക്‌സും ഒരു ഫോറും നേടി സ്‌റ്റൈലിഷായാണ് പരാഗ് രാജസ്ഥാനെ വിജയിപ്പിച്ചത്. ഇതിനിടെ സീസണിലെ രണ്ടാം അര്‍ധ സെഞ്ചുറി കണ്ടെത്താനും പരാഗിനായി.കൂടാതെ ഓറഞ്ച് ക്യാപ്പ് മത്സരത്തില്‍ കോലിക്കൊപ്പമെത്താനും പരാഗിനായി. 39 പന്തുകളില്‍ 54 റണ്‍സാണ് പരാഗിന്റെ സമ്പാദ്യം. എട്ട് റണ്‍സ് നേടി ശുഭം ദുബെയായിരുന്നു വിജയിക്കുമ്പോള്‍ ക്രീസിലെ പരാഗിന്റെ കൂട്ട്.
താരതമ്യേന ചെറിയ സ്‌കോറായതിനാല്‍, പതിയെയായിരുന്നു രാജസ്ഥാന്റെ മറുപടി. യുവതാരം ക്വെന മഫാകയുടെ ആദ്യ ഓവറില്‍ത്തന്നെ യശസ്വി ജയ്‌സ്വാള്‍ പുറത്തായി. ടിം ഡേവിഡിന് ക്യാച്ച് നല്‍കിയാണ് മടക്കം. മഫാകയുടെ ഐ.പി.എലിലെ ആദ്യ വിക്കറ്റ്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, 10 പന്തുകള്‍ നേരിട്ട് 12 റണ്‍സ് നേടി പുറത്തായി. ആകാശ് മാധ്‌വലിനാണ് വിക്കറ്റ്.

പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. ടീം സ്‌കോര്‍ 48-ല്‍ നില്‍ക്കേ, ജോഷ് ബട്‌ലറും (16 പന്തില്‍ 13) പുറത്തായി. പിയൂഷ് ചൗളക്ക് ക്യാച്ച് നല്‍കി ആകാശ് മാധ്‌വല്‍തന്നെയാണ് ബട്‌ലറെയും മടക്കിയത്. പിന്നാലെയ രവിചന്ദ്രന്‍ അശ്വിനെയും മാധ്‌വല്‍ തന്നെ മടക്കി. നാലോവറില്‍ 20 റണ്‍സ് വിട്ടുനല്‍കിയ മാധ്‌വല്‍ മൂന്ന് വിക്കറ്റും നേടി. മഫാകയ്ക്കാണ് ശേഷിച്ച വിക്കറ്റ്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ, നിശ്ചിത 20 ഓവറില്‍ ഒന്‍പത്‌ വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തു. മൂന്നു വീതം വിക്കറ്റുകള്‍ നേടിയ ട്രെന്റ് ബോള്‍ട്ടും യുസ്‌വേന്ദ്ര ചാഹലുമാണ് മുംബൈയെ ചെറിയ സ്‌കോറിലൊതുക്കിയത്.
Previous Post Next Post