കടമെടുപ്പ് പരിധി ഉയര്‍ത്തല്‍; കേരളത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടുകളെന്ന് സുപ്രീം കോടതി

കടമെടുപ്പ് പരിധി ഉയര്‍ത്തല്‍; കേരളത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടുകളെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി | കടമെടുപ്പ് പരിധി ഉയര്‍ത്തല്‍ ഹരജിയില്‍ കേരളത്തിനെതിരെ സുപ്രീംകോടതി. അധിക വായ്പ എടുക്കാനുള്ള സാഹചര്യം പ്രാഥമദൃഷ്ട്യാ ബോധ്യപ്പെടുത്താന്‍ കേരളത്തിനായില്ലെന്ന് വിധിപ്പകര്‍പ്പില്‍ പറയുന്നു.കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

കേരളം പറയുന്ന കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും സംസ്ഥാനത്തെ ധനകാര്യ മാനേജ്മെന്റിലെ വീഴ്ച്ച കാരണമുള്ള പ്രതിസന്ധി കേന്ദ്രത്തില്‍ നിന്ന് ഇടക്കാല ആശ്വാസം വാങ്ങാന്‍ കാരണമാകില്ലെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു. 10,722 കോടി കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശം സംസ്ഥാനത്തിന് ബോധ്യപ്പെടുത്താന്‍ കഴിയാതെ പോയി. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചാല്‍ ധനകാര്യ ചട്ടങ്ങള്‍ ലംഘിച്ച സംസ്ഥാനങ്ങള്‍ കൂടുതല്‍ വായ്പ എടുക്കുന്നതിന് ഇടയാക്കുമെന്നും ഉത്തരവിലുണ്ട്.

സംസ്ഥാനങ്ങളുടെ വായ്പ പരിധിയില്‍ കേന്ദ്രം അനാവശ്യ ഇടപെടല്‍ നടത്തുകയാണെന്ന് കാണിച്ചാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. കിഫ്ബി വഴി എടുത്ത കടം പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര നടപടിയും കേരളം ചോദ്യം ചെയ്തിരുന്നു.സുപ്രീം കോടതി ഇടപെടല്‍ കൂടുതല്‍ കടമെടുക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് തല്‍ക്കാലം തിരിച്ചടിയായിരിക്കുകയാണ്.
Previous Post Next Post