മോചനദ്രവ്യം സ്വീകരിച്ച് അബ്ദുര്‍റഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറെന്ന് കുടുംബം കോടതിയില്‍

മോചനദ്രവ്യം സ്വീകരിച്ച് അബ്ദുര്‍റഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറെന്ന് കുടുംബം കോടതിയില്‍
ഫറോക്ക് | സഊദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുര്‍റഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുര്‍റഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. ജയില്‍ മോചനവുമായി ബന്ധപ്പെട്ട് നാട്ടിലും പ്രവാസ ലോകത്തും ചിലര്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്നും ഇത്തരം പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും റിയാദിലെ നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

ഒരു മാസത്തിനുള്ളിലെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബ്ദുര്‍റഹീമിനെ മോചിപ്പിക്കാനുള്ള ശ്രമവുമായാണ് റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും മുന്നോട്ടു പോകുന്നത്. മോചനദ്രവ്യമായ 34 കോടി രൂപ സ്വരൂപിച്ചതായും അബ്ദുര്‍റഹീമിന് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ നേരത്തേ തന്നെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചത്. തുടര്‍ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി പ്രതിനിധിയും നിയമസഹായ സമിതി പ്രതിനിധികളും ഇന്നലെ സഊദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി.

നാട്ടില്‍ സ്വരൂപിച്ച 34 കോടി രൂപ സഊദിയിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എംബസിയുടെ ബേങ്ക് അക്കൗണ്ടിലേക്ക് വൈകാതെ പണം എത്തിക്കാനാകുമെന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ. തുടര്‍ന്ന് കോടതി നല്‍കുന്ന അക്കൗണ്ടിലേക്ക് ഇന്ത്യന്‍ എംബസി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും മരിച്ച സഊദി ബാലന്റെ കുടുംബത്തിന് കൈമാറുകയും ചെയ്യും. അബ്ദുര്‍റഹീമിന് മാപ്പ് നല്‍കിയതായി കുടുംബം രേഖാമൂലം കോടതിയെ അറിയിച്ചാല്‍ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.
Previous Post Next Post