കാര്‍ കെ എസ് ആര്‍ ടി സി ബസിന് കുറുകെയിട്ടു; മേയറുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം | തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കവും വിവാദവും മുറുകവെ സംഭവത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍ കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ കിടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നകത്. സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ സഞ്ചരിച്ചിരുന്ന കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
കാറില്‍ നിന്നും പുറത്തിറങ്ങി കെഎസ്ആര്‍ടിസി ഡ്രൈവറോട് സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്ലാമൂട് പിഎംജി റോഡില്‍ ബസും കാറും സമാന്തരമായി വരുന്നതും ദൃശ്യങ്ങളിലുണ്ട്. നേരത്തെ കാര്‍ ബസിന് കുറുകെ ഇട്ടിട്ടില്ലെന്നായിരുന്നു മേയര്‍ പറഞ്ഞിരുന്നത്. അതേസമയം, കാര്‍ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് മേയര്‍ക്കെതിരെയുള്ള പരാതിയില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടായത്. മേയറും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.