തിരഞ്ഞെടുപ്പ് സമയത്ത് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് കേന്ദ്രം; കോൺഗ്രസിന്റെ ഹർജി ജൂലായിൽ പരിഗണിക്കും

തിരഞ്ഞെടുപ്പ് സമയത്ത് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് കേന്ദ്രം; കോൺഗ്രസിന്റെ ഹർജി ജൂലായിൽ പരിഗണിക്കും
ന്യൂഡൽഹി: ആദായ നികുതി കുടിശ്ശികയുടെ പേരിൽ തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കോൺഗ്രസിന് നൽകിയ 3,500 കോടി രൂപയുടെ നോട്ടീസിൽ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ആദായ നികുതി വകുപ്പ് സുപ്രീം കോടതിയിൽ വ്യക്തമാക്കി.
മാർച്ച് മാസത്തെ അവസാന ദിവസങ്ങളിൽ കോൺഗ്രസിന് ആദായനികുതി വകുപ്പ് കൈമാറിയത് 3567.25 കോടിയുടെ നോട്ടീസ് ആയിരുന്നു. ഈ നോട്ടീസുകളിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒരു നടപടിയും എടുക്കില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയത്. കോൺഗ്രസ് ലാഭം ഉണ്ടാക്കുന്ന സ്ഥാപനമല്ലെന്ന് സംഘടനയ്ക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.

എല്ലായിപ്പോഴും ഒരാളേക്കുറിച്ച് നെഗറ്റീവായ കാര്യം മാത്രം പറഞ്ഞുകൊണ്ടിരിക്കരുതെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ബി.വി നാഗരത്ന കോൺഗ്രസിനുവേണ്ടി ഹാജരായ അഭിഭാഷകരോട് പറഞ്ഞു. ചില സമയങ്ങളിൽ തങ്ങൾ മിണ്ടാട്ടം ഇല്ലാത്തവരായി പോകുകയാണെന്ന് സിംഗ്‌വി കോടതിയിൽ ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ പുതിയ അപേക്ഷയിൽ ആദായനികുതി വകുപ്പിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

സീതാറാം കേസരി കോൺഗ്രസ് ട്രഷറർ ആയിരുന്ന 1994-95 സാമ്പത്തിക വർഷത്തിലെ ആദായ നികുതി തർക്കവുമായി ബന്ധപ്പെട്ട് കോൺഗ്രസ് 2016-ൽ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജിക്ക് ഒപ്പം പുതുതായി ലഭിച്ച നോട്ടീസുകൾക്കെതിരായ അപേക്ഷകളും പരിഗണിക്കണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം.

ലോക്സഭാ തിരെഞ്ഞെടുപ്പ് ഫലം ജൂൺ നാലിന് പുറത്തുവരുമെന്നും അതിനാൽ ജൂൺ രണ്ടാംവാരം കോൺഗ്രസിന്റെ ഹർജി പരിഗണിക്കണമെന്നും സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. അതിനുമുമ്പ് ആദായനികുതി വകുപ്പിന് ഇക്കാര്യത്തിലുള്ള മറുപടി ഫയൽ ചെയ്യാമെന്നും തുഷാർ മേത്ത അറിയിച്ചു. എന്നാൽ, ജൂണിൽ കോടതിക്ക് അവധിയാണെന്നും അതിനാൽ ജൂലൈ 24-ന് പരിഗണിക്കാമെന്നും വ്യക്തമാക്കി ഹർജി സുപ്രീം കോടതി മാറ്റി.
Previous Post Next Post