നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്: പ്രതി അര്‍ജുന് വധശിക്ഷ

നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്: പ്രതി അര്‍ജുന് വധശിക്ഷ
കല്‍പറ്റ: ഏറെ കോളിളക്കമുണ്ടാക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ ഏകപ്രതിയായ അര്‍ജുന് വധശിക്ഷ. വയനാട് അഡീഷണൽ ഡിസ്ട്രിക്ട് ആന്‍റ് സെഷൻസ് കോടതി യാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2021ലാണ് നെല്ലിയമ്പം കാവടത്ത് പത്മാലയത്തില്‍ കേശവൻ (72) ഭാര്യ പത്മാവതി (68) എന്നിവര്‍ ദാരുണമായി കൊല്ലപ്പെട്ടത്.

 2021 ജൂണ്‍ പത്തിന് രാത്രിയിലാണ് സംഭവം. മോഷണശ്രമത്തിനിടെ ഇരുവരെയും അര്‍ജുൻ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ അര്‍ജുനെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. 

ഇതിനിടെ കസ്റ്റഡിയില്‍ വച്ച് അര്‍ജുൻ എലിവിഷം കഴിച്ച് ആത്മഹത്യക്കും ശ്രമിച്ചിരുന്നു.എങ്കിലും അന്വേഷണത്തിനൊടുവില്‍ അര്‍ജുൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞയാഴ്ച കോടതി വിധിക്കുകയായിരുന്നു. 

വധശിക്ഷയ്ക്ക് പുറമെ വീട്ടില്‍ അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും, തെളിവ് നശിപ്പിക്കലിന് 6 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 

വയനാടിനെ തന്നെ ആകെ പിടിച്ചുലച്ച കേസായിരുന്നു ഇത്. പ്രധാന റോഡില്‍ നിന്നല്‍പം മാറി ആളൊഴിഞ്ഞ ഭാഗത്തുള്ള ഇരുനില വീട്ടിലായിരുന്നു റിട്ട. അധ്യാപകന്‍ കേശവനും ഭാര്യ പത്മാവതിയും താമസിച്ചിരുന്നത്. ഇവിടെ അതിക്രമിച്ചുകയറിയ അര്‍ജുൻ കേശവനെ ആക്രമിക്കുന്നത് കണ്ടതോടെ പത്മാവതി ഉച്ചത്തില്‍ അലറുകയായിരുന്നു. ഇത് കേട്ട് അല്‍പം ദൂരെ ഉണ്ടായിരുന്ന നാട്ടുകാരില്‍ ചിലര്‍ ഓടിയെത്തുകയായിരുന്നു. ഇവരെത്തിയപ്പോള്‍ ഇരുവരെയും ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച്, ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.
Previous Post Next Post