സി പി എമ്മിനു രഹസ്യ അക്കൗണ്ടില്ല; കള്ളപ്പണം സ്വീകരിക്കുന്ന ഏര്‍പ്പാടുമില്ല: പിണറായി
തിരുവനന്തപുരം | സി പി എമ്മനു രഹസ്യ അക്കൗണ്ട് ഉണ്ടെന്നു പ്രചരിപ്പിക്കാനാണു ശ്രമം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി പി എമ്മിനു കള്ളപ്പണം സ്വീകരിക്കുന്ന ഏര്‍പ്പാടില്ല. ഇലക്ട്രല്‍ ബോണ്ട് സ്വീകരിക്കാത്തത് കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ മാത്രമാണ്. സി പി എമ്മിന്റെ എല്ലാ ഇടപാടുകളും സുതാര്യമാണ്. ജനങ്ങളില്‍ നിന്നു പിരിക്കുന്ന പണം എങ്ങനെ ചെലവഴിക്കുന്നു എന്നത് ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നാണ് ഞങ്ങള്‍ കരുതുന്നത്.
അംഗത്വ ഫീസും ജനങ്ങള്‍ നല്‍കുന്ന പണവുമാണ് പാര്‍ട്ടിയുടെ പണം. ഈ പാര്‍ട്ടി ജനങ്ങള്‍ക്കുവേണ്ടിയാണു നിലകൊള്ളുന്നതെന്ന് ജനങ്ങള്‍ക്കറിയാം. ഞങ്ങള്‍ ചോദിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം ജനങ്ങള്‍ തരുന്നു. ജനങ്ങള്‍ക്കു പാര്‍ട്ടിയോടുള്ള സ്വീകാര്യതയും അംഗീകാരവും സംഭാവന നല്‍കുന്നതില്‍ പ്രകടമാണ്. ഒരു പണവും പാര്‍ട്ടി ദുര്‍വിനിയോഗം ചെയ്യില്ലെന്നു ജനങ്ങള്‍ക്കറിയാം. മറ്റുപലരും ജനങ്ങളില്‍ നിന്നു ഫണ്ടുപിരിച്ചിട്ട് പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കിയില്ലെന്ന ആക്ഷേപം ഉയരാറുണ്ട്. സി പി എം വര്‍ഷം തോറും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നു. കണക്കുകള്‍ ഓഡിറ്റ് നടത്തുന്നു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടുകളും പാന്‍കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടുള്ളതാണ്. ഇത്തരം അക്കൗണ്ടുകളെല്ലാം നിയമ വിധേയമായി കൈകാര്യം ചെയ്യുന്നതാണ്. മറിച്ചുള്ള വാര്‍ത്തകള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസ്സും ബി ജെ പിയും തമ്മില്‍ ഇലക്ടറല്‍ ബോണ്ടിന്റെ കാര്യത്തില്‍ വ്യത്യാസമില്ല. കോണ്‍ഗ്രസിന് ബി ജെ പിയില്‍ നിന്നു വ്യത്യസ്ഥമായി ഒരു നയവുമില്ല. ഇ ഡി യോടൊപ്പമാണ് കോണ്‍ഗ്രസ്സ്. ഇതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് കേജ്രിവാള്‍. ഡല്‍ഹി മദ്യനയ ആരോപണം ഉയര്‍ന്നു വന്നപ്പോള്‍ പരാതിക്കാരായി കോണ്‍ഗ്രസ് രംഗത്തുവന്നു.
എസ് ഡി പി ഐയുമായി തിരഞ്ഞെടുപ്പില്‍ ഡീല്‍ നടന്നിട്ടുണ്ട് എന്നു വേണം കരുതാന്‍. തമിഴ്‌നാട്ടില്‍ എ ഐ എഡി എം കെ യുടെ കൂടെ നില്‍ക്കുന്നവരാണ് എസ് ഡി പി ഐ. ഒരു ഭാഗത്ത് ലീഗിന്റെ പതാക ഒഴിവാക്കുമ്പോള്‍ മറുഭാഗത്ത് വര്‍ഗീയ കക്ഷിയെ കൂടെ കൂട്ടുന്നു. പരാജയ ഭീതിയില്‍ ഏതു കച്ചിത്തുരുമ്പും പിടിക്കാനുള്ള ശ്രമമാണു കോണ്‍ഗ്രസ് നടത്തുന്നത്. ബി ജെ പിയുമായിപ്പോലും രഹസ്യമായി നീക്കുപോക്കിനു ശ്രമിക്കുന്നു. ബി ജെ പിയുടെ സഹായം സ്വീകരിക്കാന്‍ പോലും അവര്‍ക്കു മടിയില്ല. ഇതൊകൊണ്ടൊന്നും കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ പോകുന്നില്ല.