കര്‍ണാടക ചാമരാജനഗര്‍ എം.പി ശ്രീനിവാസ് പ്രസാദ് അന്തരിച്ചു
ബെംഗളുരു|മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവും കര്‍ണാടക ചാമരാജനഗര്‍ എം.പിയുമായ വി. ശ്രീനിവാസ് പ്രസാദ് (76) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. മൃതദേഹം ഒമ്പത് മണിക്ക് മൈസൂരുവിലെ ദസറ എക്സിബിഷന് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.
1974 മാര്‍ച്ച് 17ന് കൃഷ്ണരാജ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ഒന്‍പത് പ്രാവശ്യം ചാമരാജനഗറില്‍ നിന്നും ശ്രീനിവാസ് മത്സരിച്ചിട്ടുണ്ട്. ആറ് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയിട്ടുണ്ട്. 1999 മുതല്‍ 2004 വരെ വാജ്പേയി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരുന്നു. കര്‍ണാടക റവന്യു മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.