ഒതളൂർ ബണ്ട്,കടവല്ലൂർ പാടങ്ങളിലെ 500 ഏക്കറിലധികം നെൽകൃഷി വെള്ളമില്ലാതെ ഉണങ്ങി

ഒതളൂർ ബണ്ട്,കടവല്ലൂർ പാടങ്ങളിലെ 500 ഏക്കറിലധികം നെൽകൃഷി വെള്ളമില്ലാതെ ഉണങ്ങി 
ചങ്ങരംകുളം:കാലാവസ്ഥ ചതിച്ചതോടെ തൃശൂർ, മലപ്പുറം ജില്ലാ അതിർത്തിയിലെ ഒതളൂർ ബണ്ട്,കടവല്ലൂർ പാടങ്ങളിലെ 500 ഏക്കറിലധികം നെൽകൃഷിയാണ് വെള്ളമില്ലാതെ ഉണങ്ങി നശിക്കുന്നത്.ഒരു ഏക്കറിന് 40000 രൂപയോളം ചിലവിട്ടാണ് കർഷകർ കൃഷിയിറക്കി യത്. കടുത്ത വരൾച്ചയും വേനൽ മഴ ലഭിക്കാതിരുന്നതുമാണ് കർഷകരെ ദുരിതത്തിലാക്കിയത്.കടം വാങ്ങിയും സ്വർണ്ണം പണയപ്പെടുത്തിയും നടത്തിയ കൃഷി നശിച്ചതോടെ വൻ ബാധ്യതയാണ് കർഷകർക്ക് സംഭവിച്ചത്.2 കോടിയിലധികം രൂപയുടെ നാശനഷ്ട്ടമാണ് ഈ മേഖലയിൽ കർഷകർക്ക് ഉണ്ടായിട്ടുള്ളതെന്നാണ് പ്രദേശത്തെ കർഷകർ പറയുന്നത്. തുലാം, വൃശ്ചിക മാസങ്ങളിൽ പെയ്ത മഴ മൂലം ഒരു മാസം വൈകിയാണ് പ്രദേശത്തെ കർഷകർ കൃഷിയിറക്കിയത്.കടുത്ത വേനലിൽ തോടുകളും തണ്ണീർത്തടങ്ങളും നേരത്തെ വറ്റിയതാണ് കർഷകർക്ക് തിരിച്ചടിയായത്.വൃശ്ചികമാസത്തിൽ പോലും ബണ്ടിൻ്റെ ഉയരത്തിൽ വെള്ളം നിറഞ്ഞു നിൽക്കുന്ന അവസ്ഥയിലായിരുന്നു.പിന്നീട് ചെറിയ മോട്ടറുകൾ ഉപയോഗിച്ച് പമ്പ് ചെയ്ത് വെള്ളം വറ്റിച്ചാണ് കടവല്ലൂർ പാടശേഖരത്തിൽ കൃഷിയിറക്കിയത്.കടവല്ലൂർ പാടശേഖരത്തിൽ നിന്നും വെള്ളം പമ്പ് ചെയ്തതോടെ ഒതളൂർ ബണ്ട് ഭാഗത്ത് കൃഷി ഇറക്കാൻ കഴിയാതെയായിരുന്നു.പിന്നീട് ഇവിടെയും വെള്ളം താഴ്ന്നതോടെയാണ് ഒരു മാസം വൈകിയാണ് കൃഷി ഇറക്കാൻ സാധിച്ചത്.കർഷകരുടെ പ്രധാന ആശ്രയമായ നൂറടി തോടിന് ആഴമില്ലാത്തത് മൂലം കൃഷിയിടങ്ങളിലേക്ക് കൂടുതൽ വെള്ളം കയറാനും ഇടയാക്കി.നൂറടി തോട്ടിൽ നിന്നും പൊന്തയും മറ്റും നീക്കിയതല്ലാതെ തോട് ആഴം കൂട്ടാൻ അധികൃതർ തയ്യാറായില്ലെന്നാണ് കർഷകർ പറയുന്നത്. തുലാം ആദ്യവാരത്തിൽ ഈ മേഖലയിൽ കൃഷി ഇറക്കിയാൽ മാത്രമേ വേനലിനെ അതിജീവിച്ച് കൃഷി ലാഭകരമാക്കാൻ കഴിയൂ.40 വർഷമായി തരിശുകിടന്നിരുന്ന കടവല്ലൂർ പാടത്ത് മൂന്ന് വർഷം മുമ്പാണ് കൃഷി ഇറക്കി തുടങ്ങിയത്.ഈ മൂന്ന് വർഷവും ഇവിടെ കൃഷി നഷ്ട്ടത്തിലായെന്നും കർഷകർ പറയുന്നു.തോട് ആഴം കൂട്ടി നവീകരിക്കുകയും വെള്ളം പമ്പ് ചെയ്യാൻ വലിയ മോട്ടറുകളും,പെട്ടിയും പറയും ഉപയോഗിക്കാനുള്ള സംവിധാനവും ഒരുക്കിയാൽ തുലാം ആദ്യവാരത്തിൽ തന്നെ കൃഷിയിറക്കി നാശ നഷ്ടമില്ലാതെ നെല്ല് കൊയ്തെടുക്കാൻ കഴിയുമെന്നാണ് കർഷകർ പറയുന്നത്.എന്നാൽ ഉദ്യോഗസ്ഥർ കടമകൾ തീർക്കാനുള്ള പ്രവർത്തനം മാത്രമാണ് ഈ മേഖലയിൽ നടത്തുന്നതെന്നാണ് കർഷകരുടെ ആരോപണം.
Previous Post Next Post