പുതിയ സാമ്പത്തിക വർഷം; റബ്ബറിന് 180; ഭൂമി പണയത്തിന് ചെലവേറും
തിരുവനന്തപുരം | ഇന്ന് പുതിയ വർഷാരംഭത്തോടെ സാമ്പത്തിക ജീവിതത്തിൽ വരാൻ പോകുന്നത് ഒട്ടേറെ മാറ്റങ്ങൾ. ബജറ്റിലേതുൾപ്പെടെ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച നികുതി, ഫീസ് വർധനവുകളും ഇളവുകളും ഇന്ന് മുതൽ പ്രാബല്യത്തിലായി. സംസ്ഥാന ബജറ്റിലെ നിർദേശത്തെ തുടർന്ന് ഭൂമി പണയംവെച്ച് വായ്പ സ്വീകരിക്കുന്നതിന് ചെലവ് കൂടുമെന്നതാണ് ഇതിൽ പ്രധാനം.
റബ്ബറിന്റെ താങ്ങുവില 170 രൂപയിൽ നിന്ന് 180 രൂപയാകുന്നത് കർഷകർക്ക് ആശ്വാസം പകരും. ടൂറിസ്റ്റ് ബസുകളുടെ നികുതി കുറയുമെന്നത് ആശ്വാസകരമാകും. സീറ്റൊന്നിന് ആയിരം രൂപ വരെയാണ് കുറവ്. പാട്ടക്കരാറിന് ന്യായവിലയനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടിയിൽ മാറ്റമുണ്ടാകും. ദേശീയപാതയിൽ വാളയാർ പാമ്പാംപള്ളത്തും കുതിരാൻ തുരങ്കത്തിന് സമീപം പന്നിയങ്കരയിലും ഇന്നലെ അർധരാത്രി മുതൽ പുതിയ ടോൾ നിരക്ക് നിലവിൽ വന്നു.
സർക്കാർ ജീവനക്കാർക്ക് ഡി എയിലും പെൻഷൻ വാങ്ങുന്നവർക്ക് ഡി ആറിലും രണ്ട് ശതമാനം വർധന ലഭിക്കും. ചെക്ക്, വിവാഹമോചനക്കേസുകളുടെ ഫീസ് വർധിക്കും. സ്വയം വൈദ്യുതി ഉത്പാദിപ്പിക്കുന്നവർക്കുള്ള തീരുവ യൂനിറ്റിന് 1.2 പൈസയിൽ നിന്ന് 15 പൈസയായി കുത്തനെ ഉയർന്നു.
ഇൻഷ്വറൻസ് പോളിസികൾക്ക് ഡിജിറ്റലൈസേഷൻ ഇന്ന് മുതൽ നിർബന്ധമായി. ലൈഫ്, ഹെൽത്ത്, ജനറൽ ഇൻഷ്വറൻസ് ഉൾപ്പെടെയുള്ള എല്ലാ പോളിസികൾക്കും നിർദേശം ബാധകമാണ്. വിദേശത്തുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് ഇന്ന് മുതൽ 20 ശതമാനം നികുതി ഈടാക്കും.
എസ് ബി ഐ ഡെബിറ്റ് കാർഡുകളുടെ വാർഷിക മെയിന്റനൻസ് ചാർജ് 75 രൂപ വർധിച്ചു. ഐ സി ഐ സി ഐ, യെസ് ബേങ്ക്, ആക്‌സിസ് ബേങ്ക് ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗത്തിലും മാറ്റങ്ങളുണ്ട്. പുതുക്കിയ നികുതി സ്ലാബുകളും പ്രാബല്യത്തിലായി. അഞ്ച് കോടിക്ക് മുകളിലുള്ള വരുമാനത്തിന്റെ 37 ശതമാനം എന്ന ഉയർന്ന സർചാർജ് 25 ശതമാനം ആയി കുറഞ്ഞു.
സർക്കാറിതര ജീവനക്കാരുടെ ലീവ് എൻക്യാഷ്‌മെന്റിനുള്ള നികുതി ഇളവ് പരിധി മൂന്ന് ലക്ഷം രൂപയായിരുന്നത് 25 ലക്ഷം രൂപയായി. 2023 ഏപ്രിൽ ഒന്നിനോ അതിന് ശേഷമോ ഇഷ്യു ചെയ്ത ലൈഫ് ഇൻഷ്വറൻസ് പോളിസികളിൽ നിന്നുള്ള മെച്യുറിറ്റി വരുമാനത്തിനും ഇന്ന് മുതൽ നികുതിനൽകണം.
വിദേശ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ നിക്ഷേപിക്കുന്ന സ്‌കീമുകളിലേക്കുള്ള ഒഴുക്ക് കുറക്കുന്നതിന്റെ ഭാഗമായുള്ള സെബി നിർദേശങ്ങളും ഇന്ന് പ്രാബല്യത്തിലായി.
കൃത്യതയിലെത്തുമോ ക്ഷേമപെൻഷൻ
ഈ സാമ്പത്തിക വർഷം മുതൽ ക്ഷേമപെൻഷൻ കൃത്യമായി കൊടുക്കുമെന്ന് ഇത്തവണത്തെ ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. ക്ഷേമപെൻഷൻ വർധിപ്പിക്കുന്നില്ലെന്നും എന്നാൽ, ഏപ്രിൽ മുതൽ ക്ഷേമപെൻഷൻ അതതു മാസം കൃത്യമായി നൽകുമെന്നുമായിരുന്നു പ്രഖ്യാപനം. നിലവിൽ ആറ് മാസത്തെ പെൻഷൻ വിതരണം കുടിശ്ശികയാണ്. ഈ സാഹചര്യത്തിൽ ബജറ്റിലെ പ്രഖ്യാപനം ചോദ്യചിഹ്നമാണ്.