താരിഖ് അന്‍വര്‍ കത്തിഹാറില്‍, വൈ എസ് ശര്‍മിള കടപ്പയില്‍; 17 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ്
ന്യൂഡല്‍ഹി | കോണ്‍ഗ്രസ്സ് പുതുതായി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ മുതിര്‍ന്ന നേതാവ് താരിഖ് അന്‍വറും ആന്ധ്രപ്രദേശ് സംസ്ഥാന അധ്യക്ഷ വൈ എസ് ശര്‍മിളയും. താരിഖ് അന്‍വര്‍ ബിഹാറിലെ കത്തിഹാറില്‍ മത്സരിക്കും. ആന്ധ്രയിലെ കടപ്പയില്‍ നിന്നാണ് ശര്‍മിള ജനവിധി തേടുക. ആന്ധ്രയിലെ തന്നെ കാക്കിനാടയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പള്ളം രാജുവാണ് സ്ഥാനാര്‍ഥി.
17 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുതുതായി പ്രഖ്യാപിച്ചത്. ഇതില്‍ എട്ട് സാരഥികള്‍ ഒഡീഷയിലേതാണ്. ആന്ധ്രപ്രദേശ്-അഞ്ച്, ബിഹാര്‍-മൂന്ന്, പശ്ചിമ ബംഗാള്‍-ഒന്ന് എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച മറ്റ് മണ്ഡലങ്ങള്‍.
ബിഹാറില്‍ മഹാ സഖ്യത്തിന്റെ ഭാഗമായുള്ള സീറ്റ് വിഭജനത്തില്‍ ഒമ്പത് സീറ്റ് ലഭിച്ച പാര്‍ട്ടി കതിഹര്‍ കൂടാതെ കിഷന്‍ഗഞ്ച്, ഭഗല്‍പുര്‍ എന്നിവിടങ്ങളിലെയും സാരഥികളെ പ്രഖ്യാപിച്ചു. കിഷന്‍ഗഞ്ചില്‍ മുഹമ്മദ് ജാവേദ് എം പിയും ഭഗല്‍പുരില്‍ അജീത് ശര്‍മ എം എല്‍ എയും ജനവിധി തേടും. മുന്‍ എം പി. സഞ്ജയ് ഭോയിക്ക് ഒഡീഷയിലെ ബര്‍ഗാറിലും ടിക്കറ്റ് നല്‍കി. 2009 മുതല്‍ 2014 വരെ ഭോയി ലോക്‌സഭയില്‍ പ്രതിനിധീകരിച്ച മണ്ഡലമാണിത്. പശ്ചിമ ബംഗാളിലെ ദാര്‍ജിലീംഗില്‍ ഡോ. മുനിഷ് തമംഗ് ആണ് സ്ഥാനാര്‍ഥി.