ഉഷ്ണതരംഗ സാധ്യത; തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15വരെ നീട്ടി

ഉഷ്ണതരംഗ സാധ്യത; തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15വരെ നീട്ടി
തിരുവനന്തപുരം | സംസ്ഥാനത്ത് താപനില ക്രമതീതമായി ഉയരുകയും ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടി. ഉച്ചക്ക് 12 മുതല്‍ വെകിട്ട് മൂന്ന് വരെ തൊഴിലാളികള്‍ വെയിലത്ത് ജോലി ചെയ്യുന്നത് കണ്ടെത്തിയാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു.

സംസ്ഥാനത്ത് മുഴുവന്‍ തൊഴിലിടങ്ങളിലും കര്‍ശന പരിശോധന നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ലേബര്‍ കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെ അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി പരിശോധനകള്‍ ഊര്‍ജ്ജിതമാക്കും. ജില്ലാ ലേബര്‍ ഓഫീസര്‍, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍, അസി ലേബര്‍ ഓഫീസര്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ പ്രത്യേക ടീമുകള്‍ ദൈനംദിന പരിശോധന നടത്തും.

സംസ്ഥാനത്ത് ഫെബ്രുവരി മുതല്‍ ഏപ്രില്‍ 30 വരെ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയുള്ള സമയത്തില്‍ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഉത്തരവായിട്ടുണ്ട്. അത് മെയ് 15 വരെ നീട്ടും. പകല്‍ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്ന്‌വരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഷിഫ്റ്റുകള്‍ ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം. കണ്‍സ്ട്രക്ഷന്‍, റോഡ് നിര്‍മാണ മേഖലകളില്‍ കര്‍ശന പരിശോധന ഉറപ്പാക്കും.
Previous Post Next Post