പൂരം പ്രതിസന്ധി: 10 ദിവസമായിട്ടും കമ്മിഷണറെ മാറ്റിയില്ല, പോലീസിലും അമർഷം

പൂരം പ്രതിസന്ധി: 10 ദിവസമായിട്ടും കമ്മിഷണറെ മാറ്റിയില്ല, പോലീസിലും അമർഷം

തൃശ്ശൂർ: തൃശ്ശൂർ പൂരം പ്രതിസന്ധിയിലാക്കിയതായി ആരോപണമുയർന്ന കമ്മിഷണർ അങ്കിത് അശോകനെ മാറ്റാനുള്ള സർക്കാർ നീക്കം 10 ദിവസം കഴിഞ്ഞിട്ടും നടപ്പായില്ല. പ്രതിസന്ധി സംബന്ധിച്ച റിപ്പോർട്ടും ഇതുവരെ പുറത്തുവന്നില്ല. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രിയാണ് അന്നാവശ്യപ്പെട്ടിരുന്നത്. ഈ റിപ്പോർട്ട് ഉൾപ്പെടെ ഇതുസംബന്ധിച്ച ഒരു ആശയവിനിമയവും പൂരം സംഘാടകർക്ക് ലഭിച്ചിട്ടുമില്ല.

പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതാണ് മാറ്റം വൈകുന്നതെന്ന് പറയുന്നുണ്ടെങ്കിലും വോട്ടെടുപ്പു കഴിഞ്ഞ് നാലുദിവസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നത് വിമർശനത്തിനിടയാക്കുന്നുണ്ട്. അനാവശ്യ നിയന്ത്രണങ്ങളും റോഡ് തടയലുമാണ് പൂരദിവസം പ്രശ്നങ്ങളുണ്ടാക്കിയത്. 19-ന് രാത്രിയിലുണ്ടായ പ്രശ്നത്തെത്തുടർന്ന് തിരുവമ്പാടി രാത്രി പഞ്ചവാദ്യം നിർത്തിവെച്ചിരുന്നു. ഗോപുരങ്ങളിലെ ദീപാലങ്കാരം അണയ്ക്കുകയും ചെയ്തു. ചർച്ചകൾക്കൊടുവിൽ പുലർച്ചെയോടെയാണ് പരിഹാരമുണ്ടായത്.

കമ്മിഷണറെ മാറ്റിയില്ലെന്നു മാത്രമല്ല പൂരത്തിലെ നിയന്ത്രണങ്ങൾ എങ്ങനെ വേണമെന്നതു സംബന്ധിച്ച ചർച്ചകൾ നിലയ്ക്കുകയും ചെയ്തു. കമ്മിഷണർക്കെതിരേയുള്ള നടപടി നടപ്പാക്കാത്തതിൽ പൂരപ്രേമികൾക്കിടയിലും പോലീസ് സേനയിലും ഒരുപോലെ അമർഷം ഉണ്ടാക്കുന്നുണ്ട്. പൂരസമൂഹവുമായുള്ള പോലീസിന്റെ ബന്ധം കമ്മിഷണറുടെ അനാവശ്യ നിയന്ത്രണങ്ങൾ തകർത്തുവെന്നാണ് സേനയ്ക്കുള്ളിലെ വിമർശനം. കമ്മിഷണറുടെ തീരുമാനങ്ങൾ നടപ്പിലാക്കിയതിലൂടെ മറ്റു ഉദ്യോഗസ്ഥർ പഴി കേൾക്കേണ്ടിവന്നു. എ.സി.പി.മാർ പറഞ്ഞതൊന്നും ചെവിക്കൊള്ളാതെയാണ് പൂരത്തിന് അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

കമ്മിഷണർക്കുമുകളിലുള്ള നിരവധി ഉദ്യോഗസ്ഥർ പൂരദിവസം തൃശ്ശൂരിൽ ഉണ്ടായിരുന്നു. പ്രശ്നം നടക്കുന്ന സ്ഥലത്തും ഇവരിൽ പലരുടെയും സാന്നിധ്യമുണ്ടായിരുന്നു. ഇവരൊന്നും പ്രശ്നത്തിൽ ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. ഉന്നത ഉദ്യോഗസ്ഥർ മൗനം പാലിച്ചതുമൂലം കമ്മിഷണറുടെ ഉത്തരവുകൾ അതേപടി പാലിക്കാൻ പോലീസുകാർ നിർബന്ധിതരായി.

കൃത്യമായ ധാരണയില്ലാതെയാണ് പോലീസുകാരെ പൂരം ഡ്യൂട്ടിക്ക് നിയോഗിച്ചതെന്നതും പോലീസിലെ അമർഷത്തിന് കാരണമാണ്.
Previous Post Next Post