വിമാന ടിക്കറ്റ് ബുക്കിങിന്‍റെ മറവില്‍ തട്ടിപ്പ്; ട്രാവല്‍ ഏജന്‍സി മാനേജര്‍ അറസ്റ്റില്‍
വിമാന ടിക്കറ്റ് ബുക്കിങിന്‍റെ മറവില്‍ കൊച്ചിയിലെ ട്രാവല്‍ ഏജന്‍സി തട്ടിയത് ലക്ഷങ്ങള്‍. പണം നഷ്ടപ്പെട്ടവരുടെ പരാതിയില്‍ ട്രാവല്‍ ഏജന്‍സി മാനേജറെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ ആളുകള്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.
എളംകുളത്തും രവിപുരത്തും പ്രവര്‍ത്തിക്കുന്ന സിറ ഇന്‍റര്‍നാഷനല്‍ ട്രാവല്‍ ഏജന്‍സിക്കെതിരെയാണ് പൊലീസിന്‍റെ നടപടി. സ്ഥാപനത്തിന്റെ മാനേജര്‍ ഉണ്ണിമായയെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ നാല് പേരാണ് സ്ഥാപനത്തിനെതിരെ പരാതിയുമായി രംഗതെത്തിയത്. ഇവരുടെ ഭര്‍ത്താവും സ്ഥാപന ഉടമയുമായ ഷിനോയ് ഒളിവിലാണ്. ലണ്ടനിലേക്ക് പോകാനും തിരികെ വരാനുള്ള ടിക്കറ്റെടുത്ത് നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. ഉപഭോക്താവ് ആവശ്യപ്പെടുന്ന തീയതിക്ക് ടിക്കറ്റ് എടുക്കാതെ മറ്റൊരു തീയതിക്ക് ടിക്കറ്റെടുക്കും. അന്ന് പോകാനാകില്ലെന്ന് അറിയിക്കുന്നതോടെ ടിക്കറ്റ് കാന്‍സല്‍ ചെയ്യണമെന്നും പകുതി പണമെ തിരികെ ലഭിക്കൂ എന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ഉപഭോക്താവിന് പോകേണ്ട തീയതിയിലേക്ക് ടിക്കറ്റ് എടുക്കാന്‍ ഇരട്ടിതുക കൈവശപ്പെടുത്തുകയും ചെയ്യും. മാവേലിക്കര സ്വദേശിയില്‍ നിന്ന് 69000 രൂപയും കൊല്ലം സ്വദേശിയില്‍ നിന്ന് 76000 രൂപയുമാണ് ട്രാവല്‍ ഏജന്‍സി തട്ടിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്ഥാപനത്തിനെതിരെ വ്യാപക പരാതികള്‍ ഉയരുന്നുണ്ട്. സമാന തട്ടിപ്പ് നടത്തുന്ന വേറെയും ട്രാവല്‍ ഏജന്‍സികളുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരിലേക്കും തുടര്‍ ദിവസങ്ങളില്‍ അന്വേഷണം നീളും.