ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ്, സിക്കിം നിയമസഭാ തിരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചു
ന്യൂഡൽഹി | ലോക്സഭാ തിരഞ്ഞെടുപ്പിന് ഒപ്പം ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ്, സിക്കിം എന്നീ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതിയും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. അരുണാചൽ പ്രദേശിലും സിക്കിമിലും ഏപ്രിൽ 19ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. മെയ് 13ന് ആന്ധ്രാപ്രദേശിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. മെയ് 13, മെയ് 20, മെയ് 25, ജൂൺ 1 തീയതികളിൽ നാല് ഘട്ടങ്ങളിലായാണ് ഒഡീഷയിൽ വോട്ടെടുപ്പ്.
ഇവ കൂടാതെ ഗുജറാത്തിലെ അഞ്ച് അസംബ്ലി സീറ്റുകളിലെക്കും, യുപിയിലെ നാല്, ഹരിയാന, ബിഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, ത്രിപുര, പശ്ചിമ ബംഗാൾ, തെലങ്കാന, രാജസ്ഥാൻ, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ഓരോ അസംബ്ലി സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. ഇവിടെ ആ മേഖലയിൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം വിജ്ഞാപനം പുറപ്പെടുവിച്ച് വോട്ടെടുപ്പ് നടക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും.
ഒഡീഷയിലെ 147 സീറ്റുകളിലേക്കും, സിക്കിമിലെ 32 സീറ്റകളിലേക്കും, അരുണാചൽ പ്രദേശിലെ 60 സീറ്റുകളിലേക്കും, ആന്ധ്രാപ്രദേശിലെ 175 സീറ്റുകളിലേക്കുമാകും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
ഒഡീഷയിൽ ബിജു ജനതാദൾ (ബിജെഡി) ആണ് അധികാരത്തിലുള്ളത്. ഇവിടെ ബിജെപി നേരിട്ടാണ് മത്സരിക്കുന്നത്. 2000 മുതൽ നവീൻ പട്‌നായിക് ആണ് ഇവിടെ മുഖ്യമന്ത്രി.
വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) നേതാവ് ജഗൻ മോഹൻ റെഡ്ഡിയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി. ഇവിടെ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി (ടിഡിപി), നടൻ പവൻ കല്യാണിന്റെ ജനസേന, ബിജെപി സഖ്യം എന്നിവ ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
പെമ ഖണ്ഡുവിന്റെ നേതൃത്വത്തിൽ അരുണാചൽ പ്രദേശിൽ ബിജെപി സർക്കാറാണ് ഭരിക്കുന്നത്. 2019ൽ ഇവിടെ 60ൽ 42 സീറ്റും പാർട്ടി നേടിയിരുന്നു.