ബജറ്റില്‍ നിര്‍ദേശിച്ച നികുതി – ഫീസ് വര്‍ധനകള്‍ ഇന്ന് മുതൽ; ടോൾ നിരക്കിൽ തല്ക്കാലം വർധനയില്ല
സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ച നികുതി – ഫീസ് വര്‍ധനകള്‍ ഇന്ന് നിലവിൽ വരും. ഭൂമിയുടെ ന്യായവിലയും, കോടതി ചെലവും കൂടി. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനും വില കൂടിയിട്ടുണ്ട്. രാജ്യവ്യാപകമായി ബാങ്ക് ഡെബിറ്റ് കാര്‍ഡ് മെയിന്റനന്‍സ് ചാര്‍ജ് 125 രൂപയില്‍ നിന്ന് 200 രൂപയായി ഉയര്‍ന്നു. അതേസമയം കേന്ദ്ര നിർദേശ പ്രകാരം വാട്ടർ അതോറിറ്റിയുടെ അടിസ്ഥാന താരിഫിൽ വരുത്തേണ്ട വർധനവിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ജലവിഭവ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഭൂമിയുടെ ന്യായവില ഭൂമി എന്ത് ആവശ്യത്തിനാണോ ഉപയോഗിക്കുന്നത് എന്നതിനെ അനുസരിച്ച് മാറും. ഭൂമി പണയം വച്ച് വായ്പ എടുക്കതിനും ചെലവ് കൂടും. ഭൂ നികുതിയിലും മാറ്റമുണ്ട്. ഫ്ലാറ്റുകള്‍ നില്‍ക്കുന്ന ഭൂമിയിലെ വിഭജിക്കാത്ത ഭൂമിക്ക് ഫ്ലാറ്റുകളില് താമസിക്കുന്നവര്‍ നികുതി നല്‍കണം. ലീസ് എഗ്രിമെന്റുകളുടെ സ്റ്റാമ്പ് ഡ്യൂട്ടിയും കൂടി. ബാങ്ക് വായ്പയായി എടുക്കുന്ന തുകയുടെ 0.1ശതമാനം ഭൂരേഖകളുടെ പരിശോധനാഫീസായി നല്‍കണം. കോടതി ചെലവും കൂടും. പ്രധാനമായും ചെക്കുകേസിനും വിവാഹമോചനക്കേസിനെയുമാണ് ബാധിക്കുക. റബ്ബറിന്റെ താങ്ങുവില 170 രൂപയില്‍ നിന്ന് 180 രൂപയായി. ടൂറിസ്റ്റ് ബസുകളുടെ നികുതി കുറഞ്ഞു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് വില കൂടി. സോളാര്‍ ഉള്‍പ്പെടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നവര്‍ക്ക് തീരുവ 1.2 പൈസയില്‍ നിന്ന് 15 പൈസയായി ഉയര്‍ന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎയും പെന്‍ഷന്‍കാരുടെ ഡിആറും രണ്ട് ശതമാനം കൂടി. അതെ സമയം ടോൾ നിരക്ക് വർധന ഉണ്ടായില്ല. വാളയാര്‍ പാമ്പാംപള്ളത്തും കുതിരാന് സമീപം പന്നിയങ്കരയിലും ടോള്‍ നിരക്ക് ഇന്ന് മുതൽ കൂടുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ലോകസഭാ തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ തല്ക്കാലം നിരക്ക് വർധന മാറ്റിവെച്ചതാണെന്നാണ് പറയുന്നത്.